കൊച്ചി: മകനെ ഡ്രൈവിംഗ് ടെസറ്റിന് ബൈക്കില്‍ കൊണ്ടുവന്ന അച്ഛന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നലെ രാവിലെ കാക്കനാട് നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടെയായിരുന്നു സംഭവം. പച്ചാളം സ്വദേശി വി പി ആന്റണിക്കാണ് ലൈസന്‍സില്ലാത്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 9500 രൂപ പിഴ ചുമത്തിയത്.
ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ മകന്റെ ആപ്ലിക്കേഷനില്‍ പിതാവിന്റെ ലൈസന്‍സ് നമ്പര്‍ ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ഇ ചലാനില്‍ ചേര്‍ക്കാന്‍ ലൈസന്‍സ് നമ്പര്‍ ചോദിച്ചപ്പോഴാണ് ലൈസന്‍സ് ഇല്ലെന്ന് പിതാവ് വെളിപ്പെടുത്തിയത്. ഇതിന് തൊട്ടുമുമ്പ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് ഇരുചക്രവാഹനത്തിലെത്തിയ മകന്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നതിന് പൊലീസ് പിഴ ചുമത്തിയിരുന്നു. ലൈസന്‍സ് ഇല്ലെന്ന് കൂടി വ്യക്തമായതോടെ നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ പൊല്യൂഷന്‍ പരിശോധനയുടെയും ഇന്‍ഷുറന്‍സിന്റെയും കാലാവധിയും അവസാനിച്ചതായി കണ്ടെത്തിയത്.