പാലാ :രാമപുരം;ഉഴവൂർ ആർടിഒയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകാർ നേരിടുന്നത് സമാനതകൾ ഇല്ലാത്ത ദുരിതമെന്ന് ഉഴവൂർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് സമിതി,
ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എം വി ഐ വിദ്യാർത്ഥികളെയും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സിനെയും വലയ്ക്കുന്നതായും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് സമിതി അംഗങ്ങൾ പറഞ്ഞു.
ആറുമാസം കാലാവധിയുള്ള ലേണേഴ്സ് ലൈസൻസ് ഉഴവൂർ ആർടിഒയുടെ കീഴിൽ നിന്നും എഴുതി പാസായാലും മൂന്നോ നാലോ ടെസ്റ്റിൽ പങ്കെടുത്താലും വിദ്യാർത്ഥികൾ വിജയിക്കാത്ത അവസ്ഥയാണുള്ളതെന്നും ഇതെല്ലം പുതിയ പരിഷ്കാരത്തിന്റെ ഭാഗമാണെന്നുമാണ് എംവി ഐ പറയുന്നതെന്നും അംഗങ്ങൾ ആരോപിക്കുന്നു.
എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് പ്രതികാര നടപടിയാണെന്നും രണ്ടു വർഷം മുൻപ് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്ന ഹരികുമാർ എന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് ഡ്രൈവിംഗ് സ്കൂളുകൾക്ക് എതിരെ ഇത്തരത്തിൽ ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു.
ഉഴവൂർ ആർടിഒയുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നിന്നും പ്രതികാര നടപടി ഭയന്ന് നിരവധി കുട്ടികളും മുതിർന്നവരും മറ്റു സ്ഥലങ്ങളിലേക്ക് ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്നതായും അംഗങ്ങൾ ആരോപിക്കുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള പ്രതികാര നടപടി തുടർന്നാൽ ബിഎംഎസിന്റെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളിലേക്ക് പോകുമെന്നും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് സമിതി അഭിപ്രായപ്പെട്ടു.