ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ ഇന്ന് വയനാട് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുനരധിവാസം വൈകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി 3 മാസം പൂർത്തിയാകുമ്പോഴാണ് ദുരന്തബാധിതർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.
ഇതിനിടെ വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വയനാടിന് നൽകുന്ന സഹായത്തിൽ തീരുമാനം അറിയിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്ത ബാധിതർക്ക് മാത്രമായി പ്രത്യേക കേന്ദ്ര പാക്കേജ് വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.