പാലാ :ഏത് കൂടോത്രക്കാരൻ വന്നാലും കോഴീടെ മുതുകത്തേയ്ക്കാ എന്ന് പറഞ്ഞപോലെയാണ് പാലായിലെ ഈ ദിശ ബോർഡിന്റെ കാര്യം.ഏതു പരിപാടി നടന്നാലും ഫ്ളക്സ് ബോർഡ് ഈ ദിശാ ബോർഡിന്റെ മുതുകത്തേയ്ക്കാണ് ചാരുന്നത്.ശബരിമല സീസൺ പ്രമാണിച്ചാണ് പാലായിലെ റെഡ് ക്രോസ് സംഘടനാ പോലീസിന്റെ അനുവാദത്തോടെ ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് അതിൽ ദിശ ബോർഡ് വച്ചിട്ടുള്ളത്.
എന്നാൽ ഈ ദിശാ ബോർഡ് കണ്ടപ്പോൾ രാഷ്ട്രീയ പാർട്ടികൾ ചിരി തുടങ്ങി .തങ്ങൾക്കു ഫ്ളക്സ് ബോർഡ് വയ്ക്കുവാൻ ഒരു സ്ഥാനം കണ്ടതുകൊണ്ടാണ് അവർ ചിരിച്ചത് .ഇന്നലെ ജോസ് കെ മാണി വിഭാഗത്തിന്റെ ഊഴമായിരുന്നു.അവർ ദിശ ബോർഡിൽ അവരുടെ ക്യാമ്പിന്റെ ഫ്ളക്സ് ബോർഡ് വച്ചു.റെഡ് ക്രോസുകാർ സമാധാനപരമായി തന്നെ നവ മാധ്യമങ്ങളിലൂടെ ഇതിൽ പ്രതിഷേധിച്ചു .
അതിനു ഫലമുണ്ടായി.ഇന്ന് രാവിലെ ആളെ വിട്ട് ദിശാ ബോർഡിൽ ചാരിയിരുന്ന ഫ്ളക്സുകൾ ജോസ് കെ മാണി വിഭാഗം നീക്കം ചെയ്തു മാതൃകയായി .എന്നാൽ ഉടൻ തന്നെ ചരമ പരസ്യം ദിശാ ബോർഡിൽ ഇടം പിടിച്ചു.ചരമ വീട്ടുകാർ അറിഞ്ഞു കൊണ്ടല്ല ഇങ്ങനെ സ്ഥാപിക്കുന്നത് .ഫ്ളക്സ് കെട്ടാൻ കൂലിക്കു ആളെ വയ്ക്കുമ്പോൾ അവർ പണിയെളുപ്പം നോക്കി ചെയ്യുന്നതാണ്.പക്ഷെ റെഡ് ക്രോസുകർക്കാണ് ഇതിൽ ഏറെ വിഷമം .നല്ല കാര്യത്തിന് ഇങ്ങനെ ചെയ്തിട്ട് നാട്ടുകാർക്കും യാത്രക്കാർക്കും അതിന്റെ പ്രയോജനം കിട്ടാത്തതിൽ അവരും ഖിന്നരാണ് .