Kottayam

പാലാ ഇളംതോട്ടം ഭാഗത്ത് യുവതി മരണപെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

കോട്ടയം;പാലാ ഇളംതോട്ടം ഭാഗത്ത് യുവതി മരണപെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ.കഴിഞ്ഞ ഒക്‌ടോബർ 23 ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ടെസി (ബിനി) 46 ന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് അറിയിച്ച് സഹോദരൻ ബിനു തോമസാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്.

പ്രധാനമായും പരാതിയിൽ ഉന്നയിക്കുന്നത് 10 അടി ഉയരമുള്ള ഹുക്കിൽ കേവലം 5 അടി 2 ഇഞ്ചു മാത്രം ഉയരമുള്ള ടെസി എങ്ങിനെ കയ്യെത്തിച്ച് ഹുക്ക് ഇട്ടുവെന്നും,അതിനു യുവതിക്ക് സാധിക്കില്ലെന്നും ഇത് സംശയം ഉളവാക്കുന്നതാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പാലാ മീഡിയ അക്കാദമിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബിനു തോമസ് പറഞ്ഞു.

ഹുക്കിൽ ബാക്കി നിന്ന തുണി നീക്കരുതെന്നു അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും പോലീസിന്റെ അസാന്നിധ്യത്തിൽ മരണപ്പെട്ട യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും പാലാ നഗരസഭയിലെ ഒരു കൗൺസിലറും ചേർന്ന് ഇത് അഴിച്ചു മാറ്റിയെന്നും മരണപെട്ട യുവതിയുടെ സഹോദരൻ എന്ന നിലയിൽ ഈ സംഭവത്തിൽ ദുരൂഹതയുള്ളതായും ബിനു പത്രസമ്മേളനത്തിൽ പറഞ്ഞു.

മരണപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് തൊട്ടടുത്ത ബന്ധു വീട്ടിൽ ബഹളം നടന്നതായും അതിനു ശേഷമാണ് മരണം നടന്നതെന്നും, മുറിയിലെ ജനൽ ചില്ലുകൾ ഇടിച്ചു പൊട്ടിച്ച നിലയിൽ കാണപ്പെട്ടതും,ടെസി മരണപ്പെട്ട വീട്ടിലെ സ്വീകരണ മുറിയിലെ ഭിത്തിയിൽ ബ്ലാക്ക് മാസ്സ് ചെയ്യുന്ന തരത്തിലുള്ള പ്രതലം ക്രിസ്ത്യൻ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരായുള്ള ആഭിചാര പ്രവർത്തികളുടേതുമാണെന്നും സഹോദരിയെ ഏതെങ്കിലും തരത്തിലുള്ള ആഭിചാര കർമ്മങ്ങൾക്ക് ഉപയോഗിച്ചിരുന്നൊ എന്ന കാര്യവും അന്വേഷണവിധേയമാക്കണമെന്നും ബിനു തോമസ് പറയുന്നു..

സാമ്പത്തിക ബാധ്യതയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്ത ടെസിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

അതേ സമയം യുവതിയുടെ മരണത്തിൽ അന്വേഷണം നടക്കുകയാണെന്നും കുടുംബത്തിന്റെ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും പാലാ പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top