പി വി അൻവറിനെ ഒപ്പം നിർത്തി മലബാറിലാകെ സാമുദായ വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കാനുള്ള നീക്കം മുസ്ലിംലീഗ് ശക്തമാക്കി. അൻവറിനെ ഒറ്റപ്പെടുത്താൻ പി കെ കുഞ്ഞാലിക്കുട്ടിയുടെ അനുഗ്രഹാശിസുകളോടെ കോൺഗ്രസിലെ ഒരുവിഭാഗം നടത്തിയ നീക്കം ഡോ.എം കെ മുനീറും കെ എം ഷാജിയും ചേർന്നാണ് പൊളിച്ചത്. ഇ ടി മുഹമ്മദ് ബഷീറും പാർട്ടിയിലെ യുവനിരയും ഈ നിലപാടിനൊപ്പം നിന്നു. സതീശനുമായുള്ള തർക്കം മുറുകുമ്പോഴും പാലക്കാട് സീറ്റിൽ യുഡിഎഫിനൊപ്പം നിൽക്കാൻ അൻവറിനെ പ്രേരിപ്പിച്ചത് ലീഗിൻ്റെ ഈ നിലപാട് മാറ്റമാണ്.
സുധാകരൻ്റെയും അതിലുപരി രമേശ് ചെന്നിത്തലയുടെയും ഉറ്റ വിശ്വസ്തനായിരുന്നു മുമ്പ് അൻവർ. ഇരുവരും നിർണായക സമയത്ത് തന്നെ സഹായിക്കുമെന്നും ലീഗിൻ്റെ പിന്തുണ തനിക്ക് ഭാവിയിലും ഗുണം ചെയ്യുമെന്നും തിരിച്ചറിഞ്ഞാണ് പാലക്കാട്ടെ മത്സരത്തിൽ നിന്ന് പിന്മാറി ചേലക്കരയിലേക്ക് മാത്രമായി അൻവർ ഒതുങ്ങിയത്. ചേലക്കരയിൽ കരുത്ത് തെളിയിക്കുന്നത് ഭാവിയിൽ തൻ്റെ വിലപേശൽ ശേഷി വർധിപ്പിക്കുമെന്നാണ് അൻവർ കരുതുന്നത്.
അൻവറിൻ്റെ മണ്ഡലമായ നിലമ്പൂർ കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണ്. അതുകൊണ്ട് തന്നെ അൻവറിനെ യുഡിഎഫിനൊപ്പം നിർത്തുന്നതിൽ ലീഗിന് എതിർപ്പില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ അൻവർ ഒറ്റയ്ക്ക് മത്സരിക്കാൻ ഇറങ്ങിയേക്കും എന്നതിലാണ് ലീഗിന് അങ്കലാപ്പ്. ഈ അപകടം തിരിച്ചറിഞ്ഞാണ് കുഞ്ഞാലിക്കുട്ടി അടക്കം അൻവറിനോട് മയപ്പെട്ടത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലമാകും കേരളത്തിൽ കോൺഗ്രസിലെ തുടർ നീക്കങ്ങൾക്ക് വഴിയൊരുക്കുക എന്ന സൂചനകൾ ശക്തമാണ്.
രമേശ് ചെന്നിത്തലയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. മഹാരാഷ്ട്ര ഒപ്പം നിന്നാൽ ചെന്നിത്തല ഹൈക്കമാൻ്റിന് കൂടുതൽ സ്വീകാര്യൻ ആകുമെന്നും അതുവഴി കേരളത്തിലെ കോൺഗ്രസ് ശാക്തികചേരികളിൽ വലിയ മാറ്റം വരുമെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. അതുകൊണ്ട് തന്നെ അൻവറിനും ഏറെ സ്വീകാര്യനായ ചെന്നിത്തല ഈ വിഷയത്തിൽ സ്വീകരിക്കുന്ന സമീപനം നിർണായകമാവും.