പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്‌ളാഗ്ഷിപ് പ്രോഗ്രാമുകളിലൊന്നായ നേച്ചർഫിറ്റ് കേരള സൈക്കിൾ പ്രയാണത്തിനുള്ള പരിശീലനപരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പരിശീലനത്തിന് നേതൃത്വം നൽകാൻ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് മോനിപ്പള്ളിയിലുള്ള തന്റെ വസതിയിൽനിന്നും സൈക്കിൾ യാത്ര ചെയ്താണ് കോളേജിൽ എത്തിയത്.
ശാരീരിക-മാനസിക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതോടൊപ്പം പ്രകൃതിസൗഹൃദഗതാഗത മാർഗ്ഗമെന്ന നിലയിൽ സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളിലൂടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള ഈ സൈക്കിൾ റാലി കടന്നുപോകുന്നുണ്ട്. ഡിസംബർ 2ന് ആണ് സൈക്കിൾ പ്രയാണം ആരംഭിക്കുന്നത്. സൈക്കിള്‍ റാലിയിൽ പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനത്തിനുള്ള ജേഴ്‌സി ബർസാർ ഫാ. മാത്യു ആലപ്പാട്ട് മേടയിൽ വിതരണം ചെയ്തു.
വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ. തോമസ്, ജൂബിലി കമ്മിറ്റി സെക്രട്ടറി ശ്രീ. ആശിഷ് ജോസഫ്, വിവിധ ഡിപ്പാർട്ടുമെന്റുകളിലെ അധ്യാപകർ എന്നിവർ പ്രിൻസിപ്പലിന്റെ നേതൃത്വത്തില്‍ വിദ്യാർഥികളോടൊപ്പം സൈക്കിൾപ്രയാണ പരിശീലനത്തിൽ പങ്കെടുത്തു.