എൻ സി പി അജിത്ത് പവാർ പക്ഷത്തേക്ക് പോകാൻ എം എൽ എമാർക്ക് കോടികൾ താൻ വാഗ്ദാനം ചെയ്തുവെന്ന ആൻ്റണി രാജുവിന്റെ ആരോപണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തോമസ് കെ തോമസ്. താൻ മന്ത്രിയാകുമെന്ന ഘട്ടത്തിലാണ് വ്യാജ ആരോപണങ്ങൾ ഉയരുന്നത്.
അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രചരിക്കുന്നത്. കെട്ടിച്ചമച്ച കഥകളാണെല്ലാം. പാർട്ടിക്ക് പുറത്തുള്ള എന്നാൽ പാർട്ടിയുമായി ബന്ധമുള്ള ആളുകളാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്. തന്നെയും കുടുംബത്തെയും പാർട്ടിയെയും തേജോവധം ചെയ്യുന്ന വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. ഹൈക്കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും തോമസ് കെ തോമസ് പറഞ്ഞു.
ആരോപണങ്ങൾക്ക് കോവൂർ കുഞ്ഞുമോൻ എം എൽ എ ശക്തമായ മറുപടി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുന്നതായി തോന്നിയിട്ടില്ല. ഈ വിഷയം സംബന്ധിച്ച് എൻ സി പി സംസ്ഥാന പ്രസിഡന്റിനോട് മുഖ്യമന്ത്രി വിവരങ്ങൾ ചോദിച്ചിട്ടുണ്ട്. അജിത് പവാർ വിളിച്ച ഒരു യോഗത്തിലും താൻ പങ്കെടുത്തിട്ടില്ല. ഇത്രയും വലിയ വിഷയം ചർച്ച ചെയ്യുന്നത് നിയമസഭയുടെ ലോബിയിലാണോ എന്നും തോമസ് കെ തോമസ് ചോദിച്ചു.
ആൻ്റണി രാജുവിന് തന്നോടുള്ള വൈരാഗ്യമെന്താണെന്ന് മനസിലാകുന്നില്ല. തൻ്റെ സഹോദരൻ തോമസ് ചാണ്ടിയെയും ആൻ്റണി രാജു ശക്തമായി വിമർശിച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിന് കുട്ടനാട് സീറ്റ് കിട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വിവാദമെന്നതിൽ സംശയമില്ല. തൻ്റെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. ഈമാതിരി വിഷ വിത്തുകൾ ഇവിടെയുണ്ട്. അതുകൊണ്ടാണ് മന്ത്രിസ്ഥാനം വൈകുന്നത്. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നതിൽ ഒരു സംശയവും വേണ്ട. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും തോമസ് കെ തോമസ് പറഞ്ഞു.