എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പിപി ദിവ്യക്കെതിരെ സിപിഎം സംഘടനാ നടപടി സ്വീകരിക്കുമെന്ന് സൂചന. ദിവ്യയെ സംരക്ഷിക്കുകയാണെന്ന വലിയ വിമര്‍ശനം പാര്‍ട്ടിയും സര്‍ക്കാരും കേള്‍ക്കുന്ന സാഹചര്യത്തിലാണ് സംഘടനാ നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ആത്മഹത്യാ പ്രേരണാക്കേസില്‍ ദിവ്യയുടെ അറസ്റ്റ് ഉണ്ടാകില്ല. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ദിവ്യ ഒളിവില്‍ തന്നെ തുടരാനാണ് സാധ്യത.
ദിവ്യക്കെതിരായ സംഘടനാ നടപടി പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമായതിനാല്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടി. വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാര്‍ട്ടി നില്‍ക്കില്ല. തെറ്റായ രീതി ഉണ്ടായാല്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗത്തിലാണ് എം.വി ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി വേദിയിലെ ഈ പ്രതികരണമാണ് നടപടിക്ക് ധാരണയുണ്ടായെന്ന സൂചന നല്‍കുന്നത്.