ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷയിലെ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ ദാന ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലും ബംഗാളിലും ജാഗ്രത കർശനമാക്കി.
ഒഡിഷയിൽ സുരക്ഷാ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് മോഹൻ ചരൺ മാജി അറിയിച്ചു. ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന സാഹചര്യം നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്നും ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.