ന്യൂഡല്‍ഹി: 16ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക് പുറപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്താനും മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട്. പുടിന്റെ അധ്യക്ഷതയില്‍ കസാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ആഗോള വികസന അജണ്ട, ബഹുരാഷ്ട്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. കസാന്‍ സന്ദര്‍ശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.