മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് പടയപ്പയെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആന വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോർജിന്റെ വീട്ടുമുറ്റത്തെത്തുന്നത്.
യാതൊരുവിധ നാശനഷ്ടങ്ങളും ആന ഉണ്ടാക്കിയിട്ടില്ല. കുറച്ചു നേരം വീട്ടുമുറ്റത്ത് നിലയുറപ്പിച്ച ശേഷം ആന തിരികെ പോകുകയും ചെയ്തു. ജനവാസ മേഖലയ്ക്ക് സമീപം തന്നെ ആന തുടരുകയാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങുന്ന ആന കൂടിയാണ് പടയപ്പ.