Kerala

മദ്രസകൾ അടച്ചു പൂട്ടാനുള്ള നിർദേശം: ഉത്തരേന്ത്യൻ കുട്ടികളുടെ അവകാശ നിഷേധം; നേരിടുമെന്ന് സമസ്ത

മലപ്പുറം: മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തിനെതിരെ സമസ്ത. കേരളത്തിലെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നും എന്നാല്‍ ഉത്തരേന്ത്യയിലെ മദ്രസകളില്‍ ഫണ്ട് നല്‍കാറുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇപ്പോഴത്തെ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഏത് മതം അനുഷ്ഠിക്കുന്നതിനും ഇന്ത്യയില്‍ അവകാശം ഉണ്ടെന്നും ഇതിനെതിരെയുള്ള നിര്‍ദേശമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കേരളത്തിലെ മദ്രസകള്‍ക്ക് ഇത് ഇപ്പോള്‍ ബാധകമാകുന്നില്ല. കേരളത്തിലെ ഒരു മദ്രസയും സര്‍ക്കാരില്‍ നിന്ന് സഹായം വാങ്ങിയല്ല നടത്തിപ്പോരുന്നത്. സമുദായത്തിന്റെ പണം കൊണ്ടാണ് ഇത് നടത്തിപ്പോരുന്നത്. തൊഴിലാളികള്‍ക്ക് ക്ഷേമനിധി നല്‍കുന്നത് പോലെ മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി നല്‍കാറുണ്ട്. അല്ലാതെയുള്ള സഹായങ്ങള്‍ നല്‍കാറില്ല. എന്നാല്‍ കേരളത്തില്‍ നിന്നും വ്യത്യാസമായി ഉത്തരേന്ത്യയില്‍ സര്‍ക്കാരീ മദ്രസ, സര്‍ക്കാരീ സ്‌കൂള്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് പഠനം. സര്‍ക്കാരീ മദ്രസകളില്‍ മുസ്‌ലിം കുട്ടികളാണ് പഠിക്കുന്നത്. അവിടെ രണ്ട് വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും നല്‍കും. ഏത് കുട്ടികള്‍ക്കും സര്‍ക്കാരീ സ്‌കൂളില്‍ പോകാം. അവിടെ അവര്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്‍കും.

കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെ തന്നെ പല സര്‍ക്കാരീ മദ്രസകള്‍ ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം മദ്രസകള്‍ക്ക് ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ വികസനത്തിനാണ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മദ്രസ മോഡണൈസേഷന്‍ ഫണ്ട് വന്നത്. ആ ഫണ്ട് കേന്ദ്ര തീരുമാനം പ്രകാരം വന്നത് കൊണ്ട് എല്ലാ സംസ്ഥാനത്തും ഉപയോഗിക്കപ്പെട്ടു. കേരളത്തിലും ഉപയോഗിക്കപ്പെട്ടു. ഇപ്പോഴത്തെ വിഷയം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമായാണ് കാണേണ്ടത്. മതപരമായ മൗലികമായ സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. ഈ സ്വാതന്ത്ര്യം അനുസരിച്ച് ഒരു കുട്ടിക്ക് ഭൗതിക വിദ്യാഭ്യാസവും മത വിദ്യാഭ്യാസവും ലഭിക്കാനുള്ള അവകാശമുണ്ട്. ഹൈന്ദവ സഹോദരങ്ങള്‍ മഠങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്, ക്രൈസ്തവ സഹോദരങ്ങള്‍ കോണ്‍വെന്റില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്, അത് അവരുടേതായ മതസൗഹാര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് ചെയ്യുന്നത്’, അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top