പി.വി.അൻവർ രൂപം കൊടുത്ത സാമൂഹ്യ സംഘടനയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) രാഷ്ട്രീയ സംഘടനാ രൂപം പ്രാപിക്കാനുള്ള നീക്കം ആരംഭിച്ചു. പാർട്ടി രൂപീകരണത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിൽ ഡിഎംകെയുടെ ഘടകങ്ങൾ രൂപീകരിക്കാനായി മൂന്ന് കോ ഓർഡിനേറ്റർമാരെ നിയമിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്.മനോജ് കുമാറിനാണ് തെക്കൻ ജില്ലകളുടെ ചുമതല.
ദീർഘകാലം ഒട്ടുമിക്ക കേരള കോൺഗ്രസ് ഗ്രൂപ്പുകളിലും പ്രവർത്തിച്ച് അനുഭവ പാരമ്പര്യമുള്ള മനോജ് കുമാറിനെ നേരിട്ട് വിളിച്ചാണ് അൻവർ ചുമതല ഏല്പിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഡിഎംകെയുടെ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് മനോജ് കുമാർ പറഞ്ഞു. ഇന്ന് കൊല്ലത്ത് 150 പേരുടെ യോഗം ചേരുന്നുണ്ട്. ശനിയാഴ്ച ആലപ്പുഴയിൽ അൻവർ പങ്കെടുക്കുന്ന വിപുലമായ യോഗം നടത്തുന്നുണ്ടെന്നും മനോജ് പറഞ്ഞു. രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയിൽ സമാന മനസ്കരുടെ യോഗങ്ങൾ എല്ലാ ജില്ലയിലും സംഘടിപ്പിക്കാനാണ് നീക്കം.