കേരള കോൺഗ്രസ്സ് രൂപീകരിച്ചതിന്റെ 60-ാമത് വാർഷികം ഓരോ ചേരികളും ആഘോഷിക്കുന്നതിന്റെ വാർത്തകളും മറ്റും കാണുന്നതിനിടയായി. സത്യത്തിൽ ഇതു കാണുന്ന, കേരളകോൺഗ്രസ് വികാരം നെഞ്ചിലേറ്റിയിരിക്കുന്ന ഓരോരുത്തർക്കും വലിയ ദുഃഖമാണ് തോന്നുന്നത്.ഓരോ പോക്കറ്റ് പാർട്ടികളായി ഭിന്നിച്ചു മരവിച്ച നിലയിൽ വീൽ ചെയറിലാണ് കേരളാ കോൺഗ്രസ് രാഷ്ട്രീയം. അധികാരക്കൊതിയും സ്വാർഥതയും കഴിവുകേടും നിലപാടില്ലായ്മയും കൊണ്ട് അണികളെ നിരാശരാക്കുന്ന കേരളാ കോൺഗ്രസുകൾ ഈ അറുപതാം വാർഷിക വേളയിൽ സ്വയം വിരമിച്ചു പോകുന്നതിനെക്കുറിച്ച് ചിന്തിക്കണം .
ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കേരളാ കോൺഗ്രസുകൾ ഒരു വിധത്തിൽ മണ്ടപോയ തെങ്ങുപോലെ മധ്യകേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വീഴാറായി നിൽക്കുകയാണ്.
മധ്യ കേരളത്തിലെയും മലയോരത്തെയും കർഷ-ന്യുനപക്ഷ ജനവിഭാഗങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നു എന്ന് പറയുന്ന ഈ പാർട്ടികൾക്ക് ,തങ്ങൾ പ്രതിനിധാനം ചെയുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഒന്നും നേടിക്കൊടുക്കാൻ സാധിച്ചിട്ടില്ല.ഈ മേഖലയിൽ നിന്നെല്ലാം ചെറുപ്പക്കാർ വ്യാപകമായി പ്രതീക്ഷയറ്റ് പലായനം ചെയ്യുകയാണ്.കേരളത്തിലേക്കും വച്ച് കാർഷിക സമ്പത്തിന്റെയും മികച്ച മാനവശേഷിയുടെയും ഈറ്റില്ലമായ ഈ പ്രദേശത്ത് ദീർഘകാലാടിസ്ഥാനത്തിൽ ആളുകളെ പിടിച്ചു നിർത്താനും അനഭിലഷണീയമായ അധിനിവേശങ്ങൾക്ക് തടയിടാനും ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയ നേതൃത്വം അനിവാര്യമാണ്.എന്നാൽ ഇതിനൊന്നും ത്രാണിയില്ലാത്ത ഒരു രാഷ്ട്രീയ സംവിധാനമായി കേരള കോൺഗ്രസ് അധഃപതിച്ചു.
ഇനിയും ഈ കറക്കു കമ്പനികൾ പിരിച്ചുവിട്ടില്ലെങ്കിൽ നാടും സമുദായവും അവതാളത്തിലാകും.
മലയോര കർഷകനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഏറ്റവുമധികം ബാധിച്ച ഗാഡ്‌ഗിൽ- കസ്‌തൂരി രംഗൻ റിപ്പോർട്ടുകൾ വന്നപ്പോൾ ആ UPA സർക്കാരിൽ അംഗമായിരുന്നു കേരള കോൺഗ്രസ്സ് (എം).അന്ന് അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
അതിന് ശേഷം കഴിഞ്ഞ 15 വർഷമായി റബ്ബറിന്റെ വില തകർച്ചയിൽ നട്ടം തിരിയുന്ന കർഷകർക്ക് വേണ്ടി അധികാരത്തിൽ ഇരുന്നപ്പോഴും അല്ലാതെയും ഒന്നും ചെയ്യാൻ കഴിയാതെ വന്ന കേരള കോൺഗ്രസ്സിന് കാലഘട്ടത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു.
ഇടതുപക്ഷ മുന്നണി 2021 തിരഞ്ഞെടുപ്പിൽ വാഗ്‌ദാനം ചെയ്ത റബ്ബറിന് 250 രൂപ നടപ്പിലാക്കാൻ കഴിയാതെ ജോസ് കെ മാണിയും കൂട്ടരും മുന്നണിക്കുള്ളിലെ നോക്കുകുത്തിയായി ഇരിക്കുകയാണ് .യു ഡി എഫിലെ കേരളകോൺഗ്രസ്സ് വിഭാഗങ്ങൾ കോൺഗ്രസ് , ലീഗ് നേതാക്കളുടെ അടിമകളായി അധഃപതിച്ച് അന്ത്യശ്വാസം വലിക്കുന്നു.
കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പിന്തുണയും പ്രാതിനിധ്യവും കേരളാ കോൺഗ്രസ് പാർട്ടികൾ എക്കാലത്തും അവകാശപ്പെടാറുണ്ട്. എന്നാൽ ക്രിസ്ത്യൻ
ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമുദായിക വിഷയങ്ങളിൽ ഇവർ എന്തു ചെയ്യുന്നു എന്ന ചോദ്യം സമുദായത്തിൽ നിന്നും ഗൗരവരൂപേണ ഉയർന്നു വരുന്നുണ്ട്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പോലും സമുദായവും സഭയും വെല്ലുവിളികൾ നേരിടുമ്പോൾ, ഈ കേരളാ കോൺഗ്രസുകൾ അക്ഷരം മിണ്ടാതെ ഭയന്നു മാളത്തിൽ ഒളിക്കുന്നകാഴ്ചയാണ് നാം കാണുന്നത്.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ഏറ്റവും ന്യായമായ ആവശ്യങ്ങൾപ്പോലും നേടികൊടുക്കാൻ കേരളാ കോൺഗ്രസുകൾക്ക് സാധിക്കുന്നില്ല.ഈ പാർട്ടികളെ ആശ്രയിക്കുന്ന വലിയൊരു സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് ഇടതു വലതു മുന്നണികൾ പുലർത്തിപ്പോരുന്നതെന്ന് കാണാൻ കഴിയും.
രാഷ്ട്രീയ ഇസ്ലാമിന്റെ അധിനിവേശം കേരളത്തിലെ ക്രിസ്ത്യൻ സഭകളെ – കുടുംബങ്ങളെ അടിമുടി ഉലയ്ക്കുമ്പോൾ ഈ കേരളാ കോൺഗ്രസുകൾ എന്തെടുക്കുകയാണ്? അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനയ്ക്കിടയിൽ നടത്തിയ പ്രസംഗത്തിലെ തികച്ചും വാസ്തവമായ ഒരു പരാമർശത്തിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹത്തിനെതിരെ കൊലവിളികളുമായി പാലായിലെ നിരത്തുകൾ കയ്യടക്കിയ സംഭവം നാം മറന്നിട്ടില്ല.ഈ കേരളകോൺഗ്രസ് നേതാക്കളും പ്രവർത്തകരും അപ്പോൾ എന്തെടുക്കുകയായിരുന്നു? ഒരു പ്രതിരോധം തീർക്കാൻ പോലും നിങ്ങൾ ആരെയും ആ പരിസരത്തെങ്ങും കണ്ടിട്ടില്ല.
തികച്ചും സാധാരണക്കാരായ ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നും ഒട്ടനവധി ആളുകൾ ഇസ്രായേലിൽ കെയർ ഹോമിലും മറ്റും ജോലി നോക്കുന്നുവെന്ന് നമുക്കറിയാം. ആ രാജ്യം ലക്ഷ്യമാക്കി ഹമാസ് ഭീകരവാദികൾ ആക്രമണം നടത്തുമ്പോൾ കേരളത്തിലെ ഒട്ടനവധി കുടുംബങ്ങളുടെ നെഞ്ചിൽ തീയാണ്. ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് ഹമാസ് ഭീകരവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ആ കുടുംബത്തെ സന്ദർശിക്കാനോ നേരെചൊവ്വേ ഒരു അനുശോചനം രേഖപ്പെടുത്താനോ പോലും ഇവർ നട്ടെല്ല് കാണിച്ചില്ല.
തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിന് കേരളത്തിലെ ഇസ്ലാമിക മത മൗലിക വാദികൾക്ക് പാദസേവ ചെയ്യുന്ന പണിയാണ് കേരളാ കോൺഗ്രസുകൾ അനുവർത്തിക്കുന്നത്.ഇതെക്കുറിച്ച് സംശയമുണ്ടെങ്കിൽ, വഖഫ് -മുനമ്പം വിഷയത്തിൽ കേരള കോൺഗ്രസുകൾ പുലർത്തുന്ന മൗനം മാത്രം ശ്രദ്ധിച്ചാൽ മതി. മുനമ്പം -ചെറായി തീരത്തെ ലത്തീൻ കത്തോലിക്ക-ഹിന്ദു സമുദായ അംഗങ്ങളുടെ ഗ്രാമവും പള്ളിയുമെല്ലാം വഖഫിന്റെ കുടിയിറക്ക് ഭീഷണിയിലാണ്.ഇതിന്റെ ആണിക്കല്ലായ വഖഫ് നിയമത്തിലെ ഭരണഘടനാവിരുദ്ധ വകുപ്പുകൾ എടുത്തുകളയുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിനെ എതിർക്കാൻ ഇരു മുന്നണികളിലെയും കേരളാ കോൺഗ്രസ് എം.പി മാരുമുണ്ട്.
കേരളകോൺഗ്രസ് പ്രതിനിധിയായ ഇപ്പോഴത്തെ ഒരു എം.എൽ.എ, വഖഫ് ബോർഡിന്റെ ഭൂമികയ്യേറ്റനിയമത്തിന് സംരക്ഷണമൊരുക്കൽ കാമ്പയിനുമായി സജീവമായി രംഗത്തുണ്ട്.ഇതൊക്കെകണ്ട് പരമ്പരാഗത കേരളാ കോൺഗ്രസ് അണികൾ നെഞ്ചിൽ കൈ വയ്ക്കുകയാണ്.
മുവാറ്റുപുഴ നിർമലാ കോളേജിൽ നിസ്കാരമുറി ആവശ്യപ്പെട്ടുകൊണ്ട് കലാപാന്തരീക്ഷം സൃഷ്ടിച്ച വിഷയത്തിലും തൊട്ടു പിറകെ പൈങ്ങോട്ടൂർ സ്‌കൂളിലും സമാന സംഭവം ആവർത്തിച്ചപ്പോഴും സഭയ്ക്കും സ്ഥാപനങ്ങൾക്കും ഒപ്പം നിൽക്കാതെ രാഷ്ട്രീയ ഇസ്ലാമിനെപ്പേടിച്ച് ഒളിച്ചിരിക്കുന്ന കേരളകോൺഗ്രസുകളെയും അതിന്റെ യൂത്ത് -വിദ്യാർത്ഥി വിംഗ് കളെയും നമ്മൾ കണ്ടു. പൊതു സമൂഹം ഇപ്പോൾ നിങ്ങളെ ഒരു പരിഹാസചിരിയോടെയാണ് കാണുന്നതെന്ന് പ്രിയപ്പെട്ട കേരളാ കോൺഗ്രസ് സുഹൃത്തുക്കൾ മനസ്സിലാക്കണം.
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന വഞ്ചനാപരമായ കാലതാമസത്തിൽ ശക്തമായ പ്രതിഷേധവുമായി കെസിബിസി യും ലത്തീൻ ഉൾപ്പെടെയുള്ള സമുദായ സംഘടനകളും പ്രക്ഷോഭരംഗത്തുണ്ട്.ഇരു വിഭാഗം കേരളാ കോൺഗ്രസുകൾക്കും ഈ വിഷയത്തിൽ അഴകൊഴമ്പൻ നിലപാട് മാത്രമേയുള്ളൂ.
പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പിൽ വരുത്തുന്നതിന് കാണിച്ച ശുഷ്‌കാന്തി ജെ.ബി കോശി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രകടിപ്പിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യം രാഷ്ട്രീയമായി ഉയർത്താനുള്ള നട്ടെല്ല് നിങ്ങൾക്കില്ലാതെ പോയി. ഇതു സംബന്ധിച്ച് നിയമസഭാ സമ്മേളനങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് ‘കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ പഠിച്ചുകൊണ്ടിരിക്കുന്നു’വെന്ന ഒരേയൊരു പല്ലവി മാത്രമേ ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ മറുപടിയിലുള്ളൂ.
ഇതൊക്കെ നിങ്ങൾക്ക് ആക്ഷേപകരമായി തോന്നുന്നില്ലായിരിക്കാം പക്ഷേ നിങ്ങളുടെ അണികൾക്കുൾപ്പടേ കാര്യങ്ങൾ വ്യക്തമാകുന്നുണ്ട് എന്ന് പ്രിയപ്പെട്ട കേരളാ കോൺഗ്രസ് നേതൃത്വങ്ങൾ മനസ്സിലാക്കിക്കോളൂ.നിങ്ങളുടെ കാലഹരണപ്പെട്ട മുന്നണി രാഷ്ട്രീയവും ദാസ്യ വേലകളുമെല്ലാം തൂത്തെറിയുന്ന നിലയിൽ കേരളത്തിന്റെ രാഷ്ട്രീയഭൂമിക അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.ജനങ്ങളെ സംഘടിപ്പിക്കാനോ ചിട്ടയായ രാഷ്ട്രീയപ്രവർത്തനം നടത്താനോ കെൽപ്പില്ലാതെ മുടന്തി നീങ്ങുന്ന കേരളാ കോൺഗ്രസ് പാർട്ടികൾ കാലയവനികയ്ക്കുള്ളിൽ മറയുന്നതിന് അധികം താമസമില്ല.
ഇത് ഞാൻ ആരെയും അപമാനിക്കാൻ എഴുതിയതല്ല. രണ്ട് പതിറ്റാണ്ട് കാലം ഈ പ്രസ്ഥാനത്തിന് സിന്ദാബാദ് വിളിച്ച ഒരു സാധാരണക്കാരൻ അതിന്റെ മൂല്യച്ച്യുതിയിലുള്ള വിഷമം കൊണ്ട് മാത്രം എഴുതിയത് ….
പിരിച്ച് വിടേണ്ട കേരളാ കോൺഗ്രസ് പാർട്ടികളിൽ ഇപ്പോൾ എൻ.ഡി.എ യിലുള്ള സജി മഞ്ഞക്കടമ്പിലിൻ്റെ കേരളാ കോൺഗ്രസ് (ഡെമോക്രാറ്റിക്ക്) യും ,നാഷണലിസ്റ്റ് കേരളാ കോൺഗ്രസും ഉൾപ്പെടില്ലേ എന്ന ചോദ്യത്തിന് ,അവർ രൂപീകൃതമായിട്ടു മൂന്നോ നാലോ മാസമല്ലേ ആയിട്ടുള്ളൂ അവർ അവരുടെ ഭാഗധേയം നിർണ്ണയിക്കട്ടെ എന്നായിരുന്നു ഷോൺ ജോർജിൻ്റെ മറുപടി .
അഡ്വ ഷോൺ ജോർജ്
(ജില്ലാ പഞ്ചായത്ത് മെമ്പർ,കോട്ടയം)