ന്യൂഡൽഹി: ഗോതമ്പ് മോഷ്ടിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ കോഴി ഫാം ഉടമകൾ മൂന്ന് ദളിത് ആൺകുട്ടികളെ മർദ്ദിച്ചതായി ആരോപണം. ഉത്തർപ്രദേശിലെ ബഹറായിച്ച് ജില്ലയിലെ നൻപാറ പോലീസ് സ്റ്റേഷൻ പരിധിയിലെ താജ്പുർ തേഡിയ ഗ്രാമത്തിൽ ഒക്ടോബർ എട്ട് ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടികളെ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ഗ്രാമത്തിന് ചുറ്റും നടത്തുകയും ചെയ്തു. അഞ്ചുകിലോ ഗോതമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കുട്ടികളോട് ക്രൂരത കാട്ടിയത്
12-ഉം 14-ഉം പ്രായമുള്ള ആൺകുട്ടികളാണ് മർദ്ദനത്തിനും അപമാനത്തിനും ഇരയായത്. ഇവരുടെ കൈത്തണ്ടയിൽ കള്ളൻ എന്ന് എഴുതുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കുട്ടികളുടെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് നസിം ഖാൻ, ഖാസിം ഖാൻ, ഇനായത്, സാനു എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ എസ്സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് നൻപാറ എസ്എച്ച്ഒ പ്രദീപ് സിംഗ് പറഞ്ഞു. പ്രതികളിൽ മൂന്ന് പേർ അറസ്റ്റിലായെങ്കിലും മുൻ ഗ്രാമമുഖ്യൻ കൂടിയായ സാനു ഒളിവിലാണ്.