ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ഒക്ടോബർ 12 ശനിയാഴ്ച അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻറെ 16-ാം വാർഷികം ആഘോഷിക്കുന്നു. 2008 ഒക്ടോബർ 12-ന് പരിശുദ്ധ ബനഡിക്ട് പതിനാറാമാൻ മാർപ്പാപ്പയാണ് അൽഫോൻസാമ്മയുടെ നാമകരണ നടപടികൾ പൂർത്തീകരിച്ച് വിശുദ്ധയായി പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർത്ഥിക്കാനെത്തുന്നത്. കൂടാതെ വിശുദ്ധ അൽഫോൻസാമ്മയുടെ മ്യൂസിയം സന്ദർശിക്കാനും അൽഫോൻസാമ്മ സഭാവസ്ത്രം സ്വീകരിച്ച സെൻറ് മേരീസ് ഫൊറോനാപ്പള്ളിയും വിശുദ്ധ താമസിച്ച എഫ്.സി.സി. കോൺവെൻറും സന്ദർശിച്ച് പ്രാർത്ഥിക്കാനും സൌകര്യമുണ്ട്.
ഒക്ടോബർ 12 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കലിൻറെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും, 6.15ന് മെഴുകുതിരി സംവഹിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന ആഘോഷമായ ജപമാല പ്രദക്ഷിണവും, തുടർന്ന് 7ന് നേർച്ച വെഞ്ചരിപ്പും വിതരണവും ഉണ്ടായിരിക്കും.
വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബർ 12 ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ അൽഫോൻസാമ്മയുടെ ജീവിതവും ആദ്ധ്യാത്മികതയും സംബന്ധിച്ച് ആഴത്തിൽ പഠിക്കുന്നതിനായി ദേശീയ സെമിനാർ സെൻറ് അൽഫോൻസാ സ്പിരിച്വാലിറ്റി സെൻറെറിൽ വച്ച് നടത്തുന്നു. ഹിന്ദിയിൽ നടത്തുന്ന സെമിനാറിൽ കേരളത്തിലും പുറത്തുമുള്ള പ്രഗത്ഭരായ വ്യക്തികൾ ക്ലാസ്സുകൾ നയിക്കും.
മിഷനറീസ് ഓഫ് സെൻറ് തോമസ് കോൺഗ്രിഗേഷൻറെ ഡയറക്ടർ ജനറാൾ വെരി റവ. ഡോ. വിൻസെൻറ് കദളിക്കാട്ടിൽപുത്തൻപുര സെമിനാർ ഉദ്ഘാടനം ചെയ്യും. തീർത്ഥാടനകേന്ദ്രം റെക്ടർ വെരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ ഉദ്ഘാടനസമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. എഫ്.സി.സി. ഭരണങ്ങാനം പ്രൊവിൻഷ്യാൽ റവ. സി. ജെസ്സി മരിയ, എം.എസ്.റ്റി. വൈസ് ഡയറക്ടർ ജനറൽ റവ. ഡോ. ജോസഫ് തെക്കേക്കരോട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.
പ്രൊഫ. ഡോ. പി.ജെ. ഹെർമൻ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവും മിഷനും സംബന്ധിച്ച് സംസാരിക്കും. റവ. ഡോ. ജോർജ് കാരാംവേലി വി. അൽഫോൻസാമ്മയുടെ ആത്മീയദർശനത്തെക്കുറിച്ചും ഡോ. സി. കൊച്ചുറാണി ജോസഫ് എസ്.എ.ബി.എസ് അൽഫോൻസിയൻ ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിക്കും. റവ. ഫാ. ബിജു താന്നിനില്ക്കുംതടത്തിൽ വി. അൽഫോൻസാമ്മയും വിശുദ്ധ കുർബാനയും, ഡോ. ജെസ്റ്റി ഇമ്മാനുവൽ കുടുംബജീവിതത്തെക്കുറിച്ചുള്ള അൽഫോൻസിയൻ ദർശനം, ഡോ. ശോഭിത സെബാസ്റ്റ്യൻ വി. അൽഫോൻസാ കുട്ടികളുടെ ആത്മീയ സുഹൃത്ത്, എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.
ഡോ. നീരദ മരിയ കുര്യൻ, റവ. ഫാ. ബാബു കക്കാനിയിൽ എസ്.വി.ഡി., ഡോ. ബ്രിജിത്ത് പോൾ, ഡോ. കെ.എം. മാത്യൂ എന്നിവർ വിവിധ സെഷനുകൾക്ക് മോഡറേറ്റർമാരായിരിക്കും. വൈകുന്നേരം നാലുമണിക്കുള്ള സമാപന സമ്മേളനത്തിൽ റവ. ഫാ. സന്തോഷ് ഓലപ്പുരയ്ക്കൽ എം.എസ്.റ്റി. അദ്ധ്യക്ഷത വഹിക്കും. പാലാ രൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് മലേപ്പറന്പിൽ പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആൻറെണി തോണക്കര എന്നിവർ സെമിനാറിനു നേതൃത്വം നല്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8301065244 എന്ന നന്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.