പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം കൊണ്ടാണ് ബിജെപിയില്‍ എത്തുന്നതെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. അംഗത്വം സ്വീകരിക്കുന്നതില്‍ മൂന്നാഴ്ചത്തെ ആലോചന മാത്രമേ ഉണ്ടായിരുന്നുളളൂ. ആശയം ഇഷ്ടമാണ്. അവര്‍ സമീപിച്ചപ്പോള്‍ അംഗമാകാന്‍ തീരുമാനിച്ചു. മറ്റ് കാര്യങ്ങളൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ശ്രീലേഖ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയമൊന്നും ആലോചിച്ചിട്ടില്ല. ജനസേവനമാണ് ലക്ഷ്യമിടുന്നത്. താന്‍ അംഗത്വം എടുത്തുവെന്നതും ഒരു സന്ദശേമാണ്. കൂടുതല്‍ സജീവമാകുന്നത് സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ട്. സര്‍വ്വീസിലുണ്ടായിരുന്നപ്പോള്‍ നിക്ഷ്പക്ഷമായാണ് പ്രവര്‍ത്തിച്ചത്. എഡിജിപി എംആര്‍ അജിത് കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഒന്നും പറയാനില്ല. വിരമിച്ച ശേഷമുള്ള അറിവിന്റെയും അനുഭവത്തിന്റേയും പശ്ചാത്തലത്തിലാണ് ബിജെപിയില്‍ ചേരുന്നതെന്നും ശ്രീലേഖ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ എത്തിയാണ് ശ്രീലേഖക്ക് അംഗത്വം നല്‍കിയത്. ശ്രീലേഖയുടെ കടന്നുവരവ് പാര്‍ട്ടി ഗുണം ചെയ്യുമെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. ഇടതും വലതും ബിജെപിക്ക് കേരളത്തില്‍ കല്പിച്ചിരുന്ന അയിത്തം അവസാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രധാന വ്യക്തികള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നതെന്നും സരേന്ദ്രന്‍ പറഞ്ഞു.