Politics

പ്രതിപക്ഷ പ്രതിഷേധം സഭാചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തത് ; നിയമസഭയ്ക്ക് തീരാക്കളങ്കം: സിപിഎം

തിരുവനന്തപുരം: നിയമസഭാ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കുന്ന എല്ലാ ജനാധിപത്യപരമായ രീതികളേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ പ്രതിപക്ഷത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായതെന്ന് സിപിഎം. മലപ്പുറത്തെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നിട്ടും എല്ലാ ജനാധിപത്യപരമായ കീഴ്വഴക്കങ്ങളേയും കാറ്റിൽപ്പറത്തിക്കൊണ്ട് സഭ നടപടികൾ തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത്തരമൊരു നടപടി സഭ ചരിത്രത്തിൽ കേട്ടുകേൾവിപോലും ഇല്ലാത്തതാണ്. കേരള നിയമസഭയ്ക്ക് തീരാക്കളങ്കമാണ് ഇതുണ്ടാക്കിയതെന്നും സിപിഎം കുറ്റപ്പെടുത്തി.

മലപ്പുറത്തെ കേന്ദ്രീകരിച്ച്‌ നടത്തുന്ന ഏതൊരു ചര്‍ച്ചയും തങ്ങളുടെ മുഖംമൂടി അഴിക്കുന്നതിനാണ്‌ ഇടയാക്കുക എന്ന്‌ യുഡിഎഫിനറിയാം. അതുകൊണ്ട്‌ ചര്‍ച്ചകള്‍ ഒഴിവാക്കുകയും, മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തങ്ങളുടെ പിടിപ്പുകേട്‌ മറച്ചുവയ്‌ക്കാനുള്ള ശ്രമവുമാണ് നിയമസഭ ബഹിഷ്‌ക്കരണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും സിപിഎം പറഞ്ഞു. അൻവർ മുന്നോട്ടുവയ്ക്കുന്ന ജില്ല വിഭജനമുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ മതരാഷ്ട്ര കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയണം. സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top