Kerala

മഞ്ചേശ്വരം കേസിൽ പോലീസ് ബിജെപിക്കു വേണ്ടി ഒത്തുകളിച്ചോ? കുറ്റപത്രം നൽകിയതിലും വീഴ്ചയെന്ന് കോടതി

ബിജെപിക്കു വേണ്ടി പോലീസ് ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് മഞ്ചേശ്വരം കോഴക്കേസിലെ കോടതി വിധി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ തിരഞ്ഞെടുപ്പു കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വിധി പ്രസ്താവത്തിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ ഉണ്ടായത്. കേസന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കുന്നതിലും പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി.

തിരഞ്ഞെടുപ്പു കേസുകളിൽ ഒരു വർഷത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന നിയമം ലംഘിച്ച് ഒരു വർഷവും ഏഴു മാസവും കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചതെന്ന ഗൗരവമേറിയ കണ്ടെത്തലും കോടതി നടത്തിയിട്ടുണ്ട്. കാലതാമസം കൃത്യമായി ബോധ്യപ്പെടുത്താൻ പോലീസിന് കഴിഞ്ഞില്ല. ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയുടെ പത്രിക ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതിന് തെളിവില്ലെന്നും വിധിയിൽ പരാമർശമുണ്ട്. കെ സുരേന്ദ്രന്‍ അടക്കം ആറ് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം അപ്പീല്‍ പോകുമെന്ന് കോഴക്കേസ് പരാതിക്കാരനായ വിവി രമേശന്‍ പറഞ്ഞു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി യായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ച് കെ സുരേന്ദ്രൻ നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് കാസർകോട് ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചത്. പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്.

തടങ്കലിൽ വച്ചുവെന്ന് ആരോപിക്കുന്ന ദിവസം സുന്ദര ബദിയടുക്കയിലെ പൊലീസ് ഉദ്യോഗസ്ഥർ, എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര തുടങ്ങിയവരുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും താൻ ബിജെപിയിൽ ചേ‍ർന്നതും നോമിനേഷൻ പിൻവലിച്ചതും സ്വന്തം ഇഷ്ട പ്രകാരമാണെന്നും സുന്ദര ബദിയടുക്ക പൊലീസിൽ നൽകിയ മൊഴി പ്രതിഭാഗം ഹാജരാക്കി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ സാക്ഷി മൊഴികൾ തന്നെ പ്രതിഭാഗത്തിന് അനുകൂലമായി മാറി.

ഭയപ്പെടുത്തി നൽകിയ പണമാണെങ്കിൽ ഇങ്ങനെ ചെലവഴിക്കുമോ എന്ന സാമാന്യ യുക്തി പോലും അന്വേഷണ സംഘത്തിനുണ്ടായില്ല. ബിജെപിയിൽ ചേരാൻ പോകുന്നു എന്ന് സുന്ദര മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം വെളിപ്പെടുത്തി യതാണ്. ആ കാര്യം പരിശോധിച്ചിരുന്നെങ്കിൽ പട്ടികജാതി പട്ടികവർഗ പീഡന നിയമം ചേർക്കില്ലായിരുന്നുവെന്നും വിധി പകർപ്പിൽ പറയുന്നുണ്ട്.

ജില്ല ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌. കോടതി നിർദേശപ്രകാരം ബദിയടുക്ക പോലീസാണ്‌ കേസെടുത്തത്‌. കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. എസ്‌സി–എസ്‌ടി അതിക്രമ വിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ കുറ്റമടക്കം ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്

മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അരോപിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള സിപിഎം – ബിജെപി ബാന്ധവത്തിൻ്റെ ഭാഗമാണ് കെ സുരേന്ദ്രനെതിരായ കേസിലെ വിധി. കേസിൽ സർക്കാർ ആവശ്യമായ വാദമുഖങ്ങൾ കൃത്യമായി ഉന്നയിച്ചില്ലെന്നും ഒത്തുകളി പ്രകടമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംഘപരിവാർ കേരളത്തെക്കുറിച്ച് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയിലൂടെ നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രോസിക്യൂഷൻ്റെ ഭാഗത്ത് വിഴ്‌ചയുണ്ടായതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. വിധി പറയുമ്പോൾ പോലും പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത് ഇതിൻ്റെ ഉദാഹരണമായാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. വിധി പകർപ്പിൽ പോലീസിനെതിരായ വിമർശനം ഉയർന്നതോടെ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുകയാണ് പ്രതിപക്ഷം. കെ സുരേന്ദ്രനു പുറമെ ബിജെപി മുൻ ജില്ല പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റു പ്രതികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top