സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ നവദമ്പതികൾക്കായി ഉത്തർ പ്രദേശ് സർക്കാർ മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നുണ്ട്. വധുവിന്റെ ബാങ്ക് അക്കൗണ്ടിൽ 35,000 രൂപ, അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് ദമ്പതികളുടെ അക്കൗണ്ടിൽ 10,000 രൂപ, വിവാഹ ചടങ്ങിന് 6000 രൂപ എന്നിവയാണ് പദ്ധതി വഴി ലഭിക്കുക. ഈ ആനുകൂല്യം തട്ടിയെടുക്കുന്നതിനാണ് സഹോദരനും സഹോദരിയും തമ്മിൽ വിവാഹിതരായത്.
യുപിയിലെ ഹത്രാസിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം. പല വിധത്തിലുള്ള തട്ടിപ്പുകൾ കേട്ടിട്ടുണ്ട്. എന്നാൽ ഉത്തർ പ്രദേശിൽ നിന്നുള്ള ഈ പുതിയ മോഡൽ രാജ്യത്ത് പലരും അനുകരിക്കാനും ഇടയുണ്ടെന്ന് അധികൃതർ കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ കർശനമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കാനായാണ് സഹോദരങ്ങൾ തമ്മിലുള്ള ഈ വിവാഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് എസ്ഡിഎം അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. സിക്കന്ദ്രറാവുവില്‍ താമസിക്കുന്ന രണ്ട് ദമ്പതികളും പദ്ധതിയുടെ ആനുകൂല്യം തട്ടിയെടുക്കുന്നതിനായി പുനര്‍വിവാഹം ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. അതേസമയം, സമൂഹവിവാഹ പദ്ധതിയില്‍ നിന്ന് പണം തട്ടാനായി മുനിസിപ്പല്‍ ജീവനക്കാരനാണ് വ്യാജ വിവാഹങ്ങള്‍ നടത്തി കൊടുത്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.