മഹാരാഷ്ട്ര നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി നിയമസഭാംഗങ്ങളുടെ പ്രതിഷേധം. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്നു എംഎൽഎമാരുമാണ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത്. എന്നാൽ, ഡെപ്യൂട്ടി സ്പീക്കറുടെയും എംഎൽഎമാരുടെയും ചാട്ടം അവസാനിച്ചത് സെക്രട്ടേറിയറ്റില്‍ ആത്മഹത്യാശ്രമം പ്രതിരോധിക്കുന്നതിനായി 2018-ല്‍ സ്ഥാപിച്ച വലയിലായിരുന്നു. ചാട്ടത്തിൽ ആർക്കും പരുക്കില്ല.
ധൻഗർ സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ (എസ്ടി) ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ എതിർത്താണ് എൻസിപി (അജിത് പവാർ) വിഭാഗത്തിലെ മുതിർന്ന നേതാവായ ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ, ബിജെപി ലോക്‌സഭാംഗം പി.ഹേമന്ത് സാവറ എംഎൽഎമാരായ കിരൺ ലഹാമതെ (എൻസിപി), രാജേഷ് പാട്ടീൽ (ബഹുജൻ വികാസ് അഖാഡി), ഹീരാമൻ ഖോസ്‌കർ (കോൺഗ്രസ്) എന്നിവർ നിയമസഭാമന്ദിരത്തിൽനിന്ന് ചാടാൻ തീരുമാനിച്ചത്. ഇവർ ചാടുന്നതിന്റെയും വലയിൽ വീണശേഷം കെട്ടിടത്തിലേക്ക് പോലീസ് സഹായത്തോടെ പതുക്കെ കയറിപ്പോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വലയിൽനിന്നും പുറത്ത് എത്തിയ ഇവർ പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലും ചില ആദിവാസി എംഎൽഎമാർ പ്രതിഷേധം നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദിവാസി നേതാക്കളുടെ പ്രതിഷേധം ഷിൻഡെ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.