തെൽ അവീവ്: ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. വടക്കൻ ഇസ്രായേലിലെ ഗോലാൻ കുന്നുകളിലാണ് സംഭവം. ഇറാഖിലെ ഇസ്‍ലാമിക് റെസിസ്റ്റൻസ് ആണ് ആക്രമണം നടത്തിയത്. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് സംഘം ഒരു വർഷത്തിനിടെ നിരവധി ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്.
അതേസമയം, ആദ്യമായിട്ടാണ് ഇവരുടെ ആക്രമണത്തിൽ മരണം സംഭവിക്കുന്നത്. 1973ന് ശേഷം ഏതെങ്കിലും തരത്തിലുള്ള ഇറാഖി ആക്രമണത്തിൽ ഇത് ആദ്യമായാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെടുന്നത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അതേസമയം, യമനിൽ അമേരിക്ക-ബ്രിട്ടീഷ് നേതൃത്വത്തിൽ വ്യോമാക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നാല് ആക്രമണങ്ങളാണ് തലസ്ഥാനമായ സൻആക്ക് നേരെ ഉണ്ടായത്. ഹൊദൈദാഹ് വിമാനത്താവളത്തിലും അൽ ഖത്തീബ് മേഖലയിലും ഏഴ് വ്യോമാക്രമണങ്ങളുണ്ടായി. കൂടാതെ ദമർ നഗരത്തിന്റെ തെക്കൻ മേഖലയിലും ആക്രമണമുണ്ടായി. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.