തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സാമൂഹികാന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ തൃശൂരില്‍ നടന്നിട്ടുണ്ടെന്നും ഇതിനുപിന്നില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനെ ഗൗരവമായാണ് കാണുന്നത്. തിരിഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ആസൂത്രിത നീക്കം നടന്നിട്ടുണ്ട്. നിയമപ്രകാരം അനുവദിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അവിടെ ഉന്നിയിച്ചിട്ടുണ്ട്. അവയെല്ലാം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. നടന്ന കുറ്റകൃത്യങ്ങളെല്ലാം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. പൂരത്തിന്റെ ചുമതിലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാം അന്വേഷിക്കും. എഡിജിപി എംആര്‍ അജിത്കുമാറിന് ഉണ്ടായ വീഴ്ചകള്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പ്രത്യേകം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പൂരം അലങ്കോലമാകേണ്ട ഒരു സാഹചര്യവും തൃശൂരില്‍ ഉണ്ടായിരുന്നില്ല. ചിലരുടെ ഇടപെടലാണ് ഇതിന് കാരണമായത്. ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഉറപ്പായും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.