ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെക്കണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് എകെജി സെൻ്ററിലെത്തിയ സിപിഐ നേതാവ് മുഖ്യമന്ത്രിയോട് പാർട്ടി നിലപാട് ആവർത്തിച്ചു. നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐ നിലപാട് സ്വീകരിച്ചിരുന്നത്.
എഡിജിപിക്കെതിരായ ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ഡിജിപി നാളെ സമര്‍പ്പിക്കാൻ ഇരിക്കെയായിരുന്നു കൂടിക്കാഴ്ച. പോലീസ് മേധാവി റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അതിനു ശേഷം അന്തിമ തീരുമാനമെടുക്കാമെന്നുമാണ് മുഖ്യമന്ത്രി ഇന്ന് അറിയിച്ചത്. നാളെ സിപിഐ നേതൃയോഗം ചേരുന്നതിന് മുന്നോടിയായിരുന്നു സന്ദർശനം. നിയമസഭാ സമ്മേളനവും മറ്റന്നാൾ ആരംഭിക്കും.
എഡിജിപിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്നത് അടക്കം കടുത്ത നടപടികളിലേക്ക് സിപിഐ കടന്നേക്കുമെന്ന് മാധ്യമ സിൻഡിക്കറ്റ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരിക്കെ കായൽ കയ്യേറ്റ ആരോപണത്തിൽ പെട്ട തോമസ് ചാണ്ടിക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്നു അത്.
ആര്‍എസ്എസ് ഉന്നതരോട് വീണ്ടും വീണ്ടും കിന്നാരം പറയാന്‍ പോകുന്ന ഒരാള്‍ പോലീസിന്റെ എഡിജിപി പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അജിത് കുമാറിനെ പദവിയിൽ നിന്നും മാറ്റാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് പ്രയാസമായിരിക്കുമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം പ്രകാശ് ബാബുവും പ്രതികരിച്ചിരുന്നു.