തലമുടി വെട്ടുന്നതിനിടെ മസാജ് ചെയ്യുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ശ്രദ്ധിക്കണം. മസാജ് ചെയ്യണം എന്നുണ്ടെങ്കില്‍ അംഗീകൃത സലൂണില്‍ പോയി മാത്രം ചെയ്യുക. ഇല്ലെങ്കില്‍ മസ്തിഷ്കാഘാതത്തിന് വരെ വഴിവച്ചേക്കും. ബെംഗളൂരുവിലെ ബെള്ളാരി സ്വദേശിയായ 30കാരനുണ്ടായ ദുരനുഭവമാണ് ആരോഗ്യവിദഗ്ധര്‍ ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കാന്‍ കാരണം.
മുടി വെട്ടിക്കൊണ്ടിരിക്കെ കഴുത്തില്‍ മസാജ് ചെയ്തതാണ് പ്രശ്നമായത്. യുവാവിന് വീട്ടിലെത്തിയപ്പോള്‍ സ്ട്രോക്ക് വന്നു. നാക്ക് കുഴയുകയും ഇടതുവശത്ത് ബലഹീനതയും അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു. ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് വന്നത്. ഇത്തരം കാര്യങ്ങളില്‍ ബോധവത്കരണം വേണമെന്നും എന്തെങ്കിലും പ്രശ്നം വന്നാല്‍ അടിയന്തിരമായി ചികിത്സ തേടണം എന്നുമാണ് നിര്‍ദേശം.
കഴുത്തിലെ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ചാല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. ഇതാണ് മസ്തിഷ്കാഘാതത്തിന് കാരണമാകുന്നത്. കഴുത്തില്‍ മസാജ് ചെയ്‌താല്‍ രക്തക്കുഴലുകള്‍ക്ക് കേടുപാട് സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഇതാണ് മസ്തിഷ്കാഘാതത്തിന് വഴിവയ്ക്കുന്നത്.