Kerala

സിപിഐ കടലാസ് പുലി പോലുമല്ല; പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐ വോട്ട് എവിടെ പോയി എന്ന് പറയണം: കേരള യൂത്ത് ഫ്രണ്ട് (എം)

 

കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ കടലാസ് പുലിയെന്ന് ആരോപിക്കുന്ന സിപിഐ കടലാസ് പുലി പോലുമല്ല, പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടിയാണ് എന്ന് യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പേരിൽ കേരള കോൺഗ്രസിനെ വിമർശിക്കുന്ന സിപിഐ ഓർക്കേണ്ടത് തങ്ങൾ മത്സരിച്ച എല്ലാ സീറ്റിലും തോറ്റു എന്നാണ്. കേന്ദ്ര സർക്കാരിനെതിരായ ശക്തമായ പ്രതികരണം ഉണ്ടായപ്പോഴാണ് കേരളത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ഇത് തിരിച്ചറിയാതെ കേരള കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന സിപിഐ മൂഡ സ്വർഗത്തിലാണ് കഴിയുന്നത്.

സ്വന്തമായി പത്ത് വോട്ട് തികച്ചെടുക്കാനില്ലാത്ത പത്ത് നേതാക്കളെ കൂട്ടാനില്ലാത്ത സിപിഐ എൽഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത് എലി മല ചുമക്കുമെന്നു പറയുന്നതിന് തുല്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നേതാക്കളുടെ ബൂത്തിലും വാർഡിലും എത്ര വോട്ട് കിട്ടി എന്ന് സിപിഐ ആദ്യം വിലയിരുത്തണം. എന്നിട്ട് വേണം കേരള കോൺഗ്രസിനെ വിമർശിക്കാൻ. കോട്ടയത്തെ ചില സിപിഐ നേതാക്കൾക്ക് മാധ്യമ സിൻഡ്രോം പിടിപെട്ടിരിക്കുകയാണ്. സ്വയം സൃഷ്ടിച്ച പ്രതിച്ഛായയുടെ തടവിൽ കിടന്ന് മുന്നണിയിലെയും ഭരണത്തിലെയും എല്ലാവിധ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് സിപിഐ മലർന്നു കിടന്ന് തുപ്പുകയാണ്.

ഒന്നുകിൽ തങ്ങൾ കൂടി കക്ഷിയായ സർക്കാരിനെതിരെ അല്ലെങ്കിൽ മുന്നണിയിലെ ഘടകക്ഷികൾക്കെതിരെ പ്രതികരിച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനു വേണ്ടി നടത്തുന്ന വൃഥാ ശ്രമങ്ങളായി മാത്രമേ ഇത്തരം പ്രസ്താവനകളെ കാണുവാൻ കഴിയു. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമായപ്പോൾ മുതൽ തുടങ്ങിയതാണ് സിപിഐ ഒളിഞ്ഞും തെളിഞ്ഞും കേരള കോൺഗ്രസിനെ വിമർശിക്കുന്നത്. ഇത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top