Politics

പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് അന്‍വര്‍; പിന്തിരിയണമെങ്കില്‍ വെടിവച്ചു കൊല്ലേണ്ടി വരും; നിലമ്പൂരിനെ ഇളക്കിമറിച്ച് പ്രസംഗം

പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വ്യക്തമാക്കി പി.വി.അൻവർ. ജനങ്ങളാണ് ശക്തി. ജനങ്ങള്‍ക്കൊപ്പം താന്‍ നില്‍ക്കും. ജ​ന​ങ്ങ​ളൊ​രു പാ​ർ​ട്ടി​യാ​യി മാ​റി​യാ​ൽ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും നിലമ്പൂരില്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇതുവരെ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് അന്‍വര്‍ പറഞ്ഞത്. പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതിലേക്ക് അന്‍വര്‍ കടന്നില്ല.

“എന്നെ എംഎൽഎ. ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. അതിനായി രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാൻ മറക്കൂല. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ ജയിലിലിൽ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണ്”-അൻവർ പറഞ്ഞു.

“പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താൻ കള്ളക്കടത്തുകാർക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് പൊളിറ്റിക്കൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കൽ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്കാനിങ് സൗകര്യമുള്ള കരിപ്പൂർ വിമാനത്താവളത്തിൽ ഇത്രയുമധികം സ്വർണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്?”

“എയർപോർട്ടിൽ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്കാനറിനെപ്പറ്റി ഇന്റർനെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വർണം സ്കാനറിൽ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വർണം പൊലീസ് പിടിച്ചത്? തുടർന്ന് ഈ അന്വേഷണം സ്വർണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. രണ്ട് കിലോ സ്വർണം പിടിച്ചാൽ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.”

“കരിപ്പൂർ വഴി കഴിഞ്ഞ 3 വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം.”

“ഞാൻ പിണറായി വിജയനെ രാഷ്ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. വളരെ വിശദമായാണു മുഖ്യമന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുടെ അടുത്ത് ഇരുന്നത്. 9 പേജുള്ള പരാതി വായിച്ചുതീരാൻ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. എന്റെ ഉള്ളെടുക്കാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു.”

“2021ൽ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യൻ കെട്ടുപോയിട്ടുണ്ട്. സിഎമ്മിന്റെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കൽ‌ സെക്രട്ടറി, അവനാണ് കാരണക്കാരനെന്ന് ഞാൻ പറഞ്ഞു. എന്റെ തൊണ്ട ഇടറി. ഞാൻ വല്ലാതെ വിഷമിച്ചു, കണ്ണ് ചുമന്നു. ഞാൻ രണ്ട് മൂന്നു മിനിറ്റ് ഇരുന്ന് കണ്ണൊക്കെ തുടച്ചാണ് സിഎമ്മിന്റെ ഓഫിസിൽ നിന്നിറങ്ങിയത്.” – വികാരഭരിതനായി അന്‍വര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top