കോട്ടയം :-കോട്ടയം – എറണാകുളം റൂട്ടിൽ രാവിലെയുള്ള പാലരുവി,വേണാട് എക്സ്പ്രസ് ട്രയിനുകളിലെ അതിരൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ രണ്ട് ട്രയിനുകൾക്കും ഇടയിൽ മെമ്മു അല്ലെങ്കിൽ പാസഞ്ചർ സർവ്വീസ് ആരംഭിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് റയിൽവേ ഡിവിഷണൽ മാനേജർ ഉറപ്പു നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു..രാവിലെ 6.50 നും 8.30 നും ഉള്ള ഈ രണ്ട് ട്രയിനുകൾക്ക് ഇടയിൽ ഒന്നര മണിക്കൂർ ഇടവേളയാണ് ഇപ്പോൾ ഉള്ളത്. ഇത്രയും ദീർഘമായ സമയ വ്യത്യാസമാണ് ഇത്ര വലിയ തോതിലുള്ള യാത്രാ തിരക്ക് ഉണ്ടാകുന്നത്. ഈ രണ്ട് ട്രയിനുകൾക്ക് ഇടയിൽ പുനലൂർ – എറണാകുളം മെമ്മു സർവ്വീസ് ആരംഭിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.ഇത് ആരംഭിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന് റയിൽവേ ഡിവിഷണൽ മാനേജരുമായുള്ള ചർച്ചയിൽ അദ്ദേഹം ഉറപ്പ് നൽകിയതായി എം.പി പറഞ്ഞു.
നിലവിൽ ഉള്ള സാങ്കേതികവും ഭരണപരവും ആയ പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗം സർവ്വീസ് ആരംഭിക്കും.പാലരുവിയിൽ കൂടുതൽ കോച്ചുകൾ ചേർത്തിട്ടുണ്ട്. വേണാട് എക്സ്പ്രസിൽ കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്താൻ പാൻട്രികാർ കോച്ച് മാറ്റി ഒരു കോച്ച് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടന്ന് ഡി.ആർ.എം പറഞ്ഞു. അതിൻ്റെ മുഴുവൻ ശേഷി 22 കോച്ചുകളാണ്. അതിലേക്ക് ഒരു കോച്ച് കൂടി ഉൾപ്പെടുത്തിയാൽ അത് പ്ലാറ്റ് ഫോമിന് പുറത്തായി പോകും. അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ കാണുവാൻ ശ്രമിച്ചു വരികയാണന്നും ഡി.ആർ.എം. പറഞ്ഞു.