തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയവരാണ് അന്വേഷണം നടത്തിയതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യപ്പെടുന്നത് ഇതാണ്.
മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എഡിജിപിയോട് എന്ത് കരുതലാണ്. നാല് അന്വേഷണം എഡിജിപിക്കെതിരെ നടക്കുന്നുണ്ട്. എന്നിട്ടും അജിത് കുമാര്‍ സ്ഥാനത്ത് തുടരുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നത് എല്ലാം മുഖ്യമന്ത്രിയുടെ സമ്മതത്തോടെ എന്നാണ്. കേരള പൊലീസ് പരിതാപകരമായ അവസ്ഥയിലാണെന്നും സതീശന്‍ പറഞ്ഞു.
പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതൊന്നും തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. അന്‍വറിന്റെ വാര്‍ത്താസമ്മേളനം അവരുടെ മുന്നണിയിലെ കാര്യമാണ്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി കൊടുത്തത് പ്രതിപക്ഷത്തിന് അല്ല പി വി അന്‍വറിന് ആണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.