Kerala

വി അൻവർ എംഎൽഎയോടുള്ള പാർട്ടി അപേക്ഷക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയോടുള്ള പാർട്ടി അപേക്ഷക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. സിപിഎമ്മിൻ്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ നിരവധി ആളുകളാണ് പാർട്ടിയെ തളളിപ്പറഞ്ഞ് എത്തിയിരിക്കുന്നത്. അൻവറിന് പിന്തുണ അറിയിച്ചാണ് കമൻ്റുകളിൽ ഭൂരിഭാഗവുമുള്ളത്. സിപിഎമ്മിൻ്റെ ചരിത്രത്തിലാദ്യമായിട്ടാണ് അച്ചടക്ക ലംഘനം നടത്തി എന്ന് പാർട്ടി ഉറപ്പിച്ചു പറഞ്ഞു കൊണ്ട് ഇത്തരമൊരു അഭ്യർത്ഥന പ്രസ്താവന രൂപത്തിൽ പുറത്തിറക്കുന്നത്.

അൻവറിൻ്റെ മാധ്യമങ്ങളോടു നടത്തുന്ന പരസ്യ പ്രതികരണം സിപിഎമ്മിനെ ദുർബലമാക്കുന്നു എന്ന് അസന്നിഗ്ധമായി വ്യക്തമാക്കുമ്പോഴും ശക്തമായ നിലപാട് പറയാൻ പാർട്ടിക്ക് കഴിയുന്നില്ല എന്നതാണ് പ്രസ്താവന അടിവരയിടുന്നത്. നിലമ്പൂർ എംഎൽഎയെ എന്തുകൊണ്ടാണ് പാർട്ടി ഭയക്കുന്നത് എന്ന ചോദ്യവും ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ശക്തമാണ്. മുമ്പ് പാർട്ടി എന്ത് പറഞ്ഞാലും അങ്ങനെ തന്നെ നേതാവേ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ എത്തുന്നവരുടെ എണ്ണവും അൻവർ വിഷയത്തിൽ കുറഞ്ഞിട്ടുണ്ട്.

അൻവറിനെ പിന്തുണച്ച് ഇടുന്ന കമൻ്റുകൾക്കും വലിയ സ്വീകാര്യതയാണ് പോസ്റ്റിനടിയിൽ കിട്ടുന്നത്. “അദ്ദേഹം പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും എന്തു പറഞ്ഞു.പോലീസിലെ ക്രിമിനലുകളെ തുറന്നു കാട്ടി ജനങ്ങൾക്ക് മുന്നിൽ പറഞ്ഞതിന് അദ്ദേഹത്തെ എന്തിന് തള്ളി പറയുന്നു. അദ്ദേഹം ഉന്നയിച്ച വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒരു നടപടിയും സ്വീകരിക്കാതെ തെറ്റ് ചൂണ്ടിക്കാണിച്ചവനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട് അങ്ങേയറ്റം ദുർബലം. പിവി അൻവറിനൊപ്പം” – എന്നാണ് മറ്റുള്ളവരുടെ വലിയ പിന്തുണ കിട്ടിയ ഒരു കമൻ്റ്.

“അണികളാണ് പാർട്ടി…അണികളില്ലെങ്കിൽ നേതാക്കന്മാർ വീട്ടിലിരിക്കേണ്ടി വരും. സഖാവ് അൻവറിനൊപ്പം”- എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്

“ആദ്യം പാർട്ടിയും സർക്കാരും തിരുത്തുക ഇപ്പോൾ ഭരണത്തിൽ ഉള്ളത് ഒരു കമ്മ്യുണിസ്റ്റ് സർക്കാരാണ് എന്ന് പറയാൻ പറ്റുന്ന എന്തെങ്കിലും ഒരു പ്രവർത്തി ചൂണ്ടികാണിക്കാൻ പറ്റുമോ ആർഎസ്എസിനു വേണ്ടി മുട്ടിൽ ഇഴയുന്ന ഒരു സർക്കാർ ബിജെപിക്ക് ഒരു എംഎൽഎ പോലും ഇല്ലാതിരുന്നിട്ടും അവരുടെ ഇംഗിതത്തിന് അനുസരിച്ചു പോകുന്ന പോലീസ് സ്റ്റേഷനിൽ ഒരു സഖാവിന് പുല്ലുവില പോലും ഇല്ലാത്തകാലം ഈ പാർട്ടിയെ ബംഗാളും ത്രിപുരയും ആക്കി മാറ്റാൻ മുന്നിൽ ഉള്ളത് പാർട്ടിയുടെ മുന്നിൽ ഉള്ളവർ തന്നെയാണ്.

NB :പിവി അൻവറിനൊപ്പം അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിൽ പാർട്ടിയും സർക്കാരും എന്താ സ്വീകരിക്കുന്നത് എന്ന് ഞങ്ങൾ കാത്തിരിക്കുന്നു അതിനു ശേഷം നിക്കണോ പോണോ നോക്കാം” – പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ട് എന്ന് സൂചിപ്പിച്ചു കൊണ്ട് ഒരു പ്രവർത്തകൻ കുറിച്ചു.

“പിവി ഒറ്റക്ക് നിന്നാലും അടുത്ത തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ജയിക്കും…”

“സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നു. അഭ്യന്തര മന്ത്രിയുടെ വാര്‍ത്ത സമ്മേളനം കൂടുതല്‍ അവജ്ഞയോടെ തള്ളുന്നു. പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് കരുതി.ഈ നാട്ടില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ മൂടി വെക്കാന്‍ കഴിയില്ല.പാര്‍ട്ടിക്ക് തെറ്റുപറ്റി എന്ന് ഇലക്ഷന്‍ കഴിയാതെ പാര്‍ട്ടിക്ക് മനസ്സിലാകാനും പോകുന്നില്ല. സംസ്ഥാന കമ്മറ്റിക്ക് നിലപാടുള്ള പോലെ സിപിഐഎം അനുഭാവികള്‍ക്ക് അവരുടേതായ നിലപാടും ഉണ്ടാകുമല്ലോ…..! തത്ക്കാലം അന്‍വര്‍ ഉയര്‍ത്തിയ യാഥാര്‍ത്ഥ്യങ്ങളോടൊപ്പം തന്നെയാണ്” – ഇങ്ങനെ അൻവറിന് പിന്തുണ നൽകി പാർട്ടിയെ വിമർശിക്കുന്നതിനോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, പി ശശി, എഡിജിപി എംആർ അജിത് കുമാർ എന്നിവർക്കെതിരെയും രൂക്ഷ വിമർശനമാണ് ആളുകൾ ഉയർത്തുന്നത്.

“ശശിയെ താങ്ങി നിന്ന അടുത്ത് ഇലക്ഷനിൽ ഇന്നത്തെ യുഡിഎഫിന്‍റെ അവസ്ഥആകും 40 സീറ്റ് കിട്ടിയ കിട്ടി ഓർമ്മണ്ടായിരിക്കട്ടെ ശശിയല്ല ജനങ്ങളാണ് പാർട്ടി ഇത് മനസ്സിലാക്കിയാല്‍ നന്നായി.ലാൽസലാം”

“നമ്മുടെ നിലപാട് പറയാൻ ആരുടേയും അനുവാദം വേണ്ട.. ചിലർക്ക് മടിയിൽ കനമുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. നാടിന്റെ ക്രമസമാധാന ചുമതലയുള്ള ഒരു ഉയർന്ന ഉദ്യാഗസ്ഥൻ ഭരണപക്ഷത്തുള്ള എംഎൽഎയുടെ കാലു പിടിക്കുന്നത് കണ്ടിട്ടും ചിലരുടെ മൗനം, അതാണ് മാതൃക പ്രവർത്തനമെന്ന് തോന്നിയെങ്കിൽ തെറ്റ് പറ്റിയത് നമുക്കാണ്…”

“ബുദ്ധദേവിന്റെ പ്രേതം കേരളം പാർട്ടിയിൽ നിന്നും ഇറങ്ങുമ്പോയേക്കും ബംഗാൾ പാർട്ടിയുടെ അവസ്ഥ ആവും പാർട്ടിക്ക് .എല്ലാ ഭാവുകങ്ങളും. പാർട്ടി മെമ്പർമാർ മാത്രം വിചാരിച്ചു അധികാരത്തിൽ എത്തുന്നത് കാണാൻ കട്ട വെയ്റ്റിംഗ്”

“എഡിജിപി ആർഎസ്എസ് നേതാക്കളെ പോയി കണ്ടത് ആർക്കു വേണ്ടിയാണന്നു പാർട്ടി വ്യക്ക്തമാക്കണം. എന്നിട്ട് ആകാം നടപടി.”

“ശശിയെ കെട്ടിപ്പിടിച്ചിരുന്നാൽ ബംഗാൾ പോലെ ആവും കേരളം പണ്ട് നായനാർ ആട്ടിയ ആളാ”

“പിവി അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരേയും പോലീസിലെ ക്രിമിനലുകൾക്കെതിരേയും നിരന്തരം തെളിവുകൾ ഉൾപ്പെടെ ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചിട്ടും വേണ്ടത്ര ഗൗരവം പാർട്ടിയും സർക്കാരും സ്വീകരിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഒരു എംഎൽഎ പറഞ്ഞിട്ട് കാര്യമില്ലെങ്കിൽ സാധാരക്കാരായ ജനങ്ങൾക്കും പാർട്ടി അണികൾക്കും എവിടെ നിന്നും നീതി കിട്ടാനാണ്.?നേതാക്കളെല്ലാം ഒരു നിമിത്തമാണ് കാലഘട്ടത്തിനനുസരിച്ച് അതിൽ മാറ്റം വരാം.എന്നും നിലനിൽക്കേണ്ടത് പ്രസ്ഥാനമാണ്.ഓർക്കേണ്ടവർ ഓർത്താൽ നന്ന്.”

“സഖാവേ ഗോവിന്ദാ റീൽസ് ഓക്കെ ഉഷാറാണ്….. താഴെ തട്ടിൽ ഒന്ന് അന്വേഷിക്കണം…. എങ്ങനെയുണ്ട് പോലീസ് ഭരണം എന്ന്…….” – ഇന്നരത്തിൽ പാർട്ടിക്കും നേതാക്കൾക്ക് എതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അൻവറിനെ അനുകൂലിച്ച് കമൻ്റിടുന്നവർക്ക് മറുപടി പറയാൻ എത്തുന്നവരുടെ എണ്ണവും പതിവിന് വിപരീതമായി കുറഞ്ഞിട്ടുണ്ട്. അൻവർ ചെയ്തത് തെറ്റാണ് എന്ന് പാർട്ടി പറയുമ്പോഴും അൻവറിനെതിരെ കടുപ്പിച്ച് ഒരു വാക്ക് പാർട്ടിയോ മുഖ്യമന്ത്രിയോ പറയാത്തതും ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. പോസ്റ്റിനടയിൽ കമൻ്റുമായി എത്തിയവരിൽ ഭൂരിഭാഗവും പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും തള്ളിക്കൊണ്ടാണ് പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്.

പാർട്ടിക്കെതിരായി ഉയർന്ന ഗുരുതരമായ ആരോപണങ്ങളെ എക്കാലത്തും പ്രതിരോധിച്ചത് സൈബറിടങ്ങളിൽ സജീവമായ പാർട്ടി പ്രവർത്തകരായിരുന്നു. എന്നാൽ അൻവർ വിഷയത്തിൽ ശക്തമായ പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളിൽ ഭൂരിഭാഗവും അമാന്തിക്കുന്ന ചിത്രമാണ് നിലവിലുള്ളത്. അൻവറിനെതിരെ നടപടിയോ കടുത്ത വിമർശനമോ നടത്തിയാൽ അതിൻ്റെ പ്രത്യാഘാതം കടുത്തതായിരിക്കും എന്ന തിരിച്ചറിവിൽ നിന്നായിരിക്കാം ഇടത് എംഎൽഎയ്ക്ക് എതിരെ ഒരു അപേക്ഷാ രൂപത്തിൽ പ്രസ്താവന നൽകി നേതൃത്വം തലയൂരിയതും. അൻവർ സിപിഎമ്മിൻ്റെ അഭ്യർത്ഥന സ്വീകരിക്കുമോ ഇല്ലയോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top