കോട്ടയം :ഇടതു മുന്നണിയിൽ കേരളാ കോൺഗ്രസ് (എം) കടുത്ത അവഗണന നേരിടുന്നതായി അണികളിൽ വ്യാപക പ്രതിഷേധം ഉയർന്നു.തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ നിന്നെല്ലാം കേരളാ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യുവാൻ കോട്ടയം ജില്ലയിൽ സിപിഎം നീക്കം നടക്കുന്നതായി അണികളും പ്രാദേശിക നേതാക്കളും പറയുന്നു .
ഏറ്റവും അവസാനം കോട്ടയം നിയോജക മണ്ഡലത്തിലെ തന്നെ പനച്ചിക്കാട് ;കുമാരനല്ലൂർ സഹകരണ ബാങ്കുകളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനെ പരിഗണിച്ചിട്ട് പോലുമില്ല.ഇതിലെ കുമാരനല്ലൂർ ബാങ്കിൽ സിപിഐ ക്ക് രണ്ട് സീറ്റുകൾ നൽകിയിട്ട് ബാക്കി സീറ്റുകൾ മുഴുവൻ സിപിഎം കൈയ്യടക്കിടയിരിക്കുകയാണ് .ഇതിൽ ശക്തമായ പ്രതിഷേധം കേരളാ കോൺഗ്രസ് ഉയർത്തി കഴിഞ്ഞു.കുമാരനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ ഈ ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചിരുന്നു എങ്കിലും കേരളാകോൺഗ്രസ് (എം)കോട്ടയം ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു വിന്റെ രക്ഷാ പ്രവർത്തനത്തിനൊടുവിൽ ധർണ്ണ മാറ്റി പ്രതിഷേധ യോഗമായി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത് .
കോട്ടയം നിയോജക മണ്ഡലത്തിൽ എൽ ഡി എഫിന്റെ ഒരു പരിപാടിക്കും പങ്കെടുക്കേണ്ടതില്ല എന്നും കുമാരനല്ലൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് .ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ മണ്ഡലം കമ്മിറ്റികളിൽ അടുത്ത തദ്ദേശ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹിക്കുന്നവർ എഴുന്നേറ്റു നിൽക്കാൻ പറഞ്ഞപ്പോൾ പല മണ്ഡലം കമ്മിറ്റികളിലും ആരും എഴുന്നേറ്റില്ല.ഇത് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട് .ഇങ്ങനെ പോയാൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഒരു സീറ്റും ഇവർ തരില്ലെന്നും പ്രാദേശിക നേതാക്കൾ പരിതപിക്കുന്നു.യു ഡി എഫിൽ 51 ഓളം പബ്ലിക് പ്രോസിക്യൂട്ടർമാർ ഉണ്ടായിരുന്ന കേരളാ കോൺഗ്രസിന് ഇപ്പോൾ 11 പേരാണ് ഉള്ളത്.നൽകിയ കോർപ്പറേഷനുകൾ പലതിനും സിറ്റിംഗ് ഫീസ് പോലും കിട്ടുന്നുമില്ല .കോർപ്പറേഷൻ യോഗങ്ങൾ കൂടുമ്പോൾ കേരളാ കോൺഗ്രസിന്റെ അഭിപ്രായങ്ങൾക്കു ആരും വില കല്പിക്കുന്നുമില്ല.സിപിഐ യും സിപിഎമ്മും കൂടിയാണ് കാര്യങ്ങൾ നടപ്പിലാക്കുന്നത് .
ആകെ കൂടി ശിഖരം വെട്ടി പാർട്ടിയാകുന്ന മരം ഉണക്കാനുള്ള നീക്കമാണ് സിപിഐ(എം) നടത്തുന്നതെന്ന് അണികളിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.മന്ത്രി റോഷി അഗസ്റ്റിന് കാറുണ്ടെന്നുള്ളതൊഴിച്ചാൽ യാതൊരു നേട്ടവുമില്ലെന്നും ജല സേചന വകുപ്പിലെ സി ഐ ടി യു യൂണിയനാണ് കാര്യങ്ങൾ നിശ്ചയിക്കുന്നതെന്നും പ്രാദേശിക നേതാക്കൾ പരാതി പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ഇപ്പോൾ കോട്ടയം നിയോജക മണ്ഡലത്തിൽ തുടങ്ങിയ ശിഖരം വെട്ടൽ മറ്റ് ജില്ലയിലേക്ക് പടരുമെന്നാണ് കോട്ടയം മണ്ഡലത്തിലെ കേരളാ കോൺഗ്രസ് എമ്മുകാർ പറയുന്നത് .