ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ കർണാടകയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ. എം എൽ എ മുനിരത്നയാണ് അറസ്റ്റിലായത്.
ജാതി അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച് ജയിൽ നിന്ന് പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിലാണ് വീണ്ടും അറസ്റ്റ്. രാമനഗര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുനിരത്ന ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
പല സന്ദർഭങ്ങളിലായി മുനിരത്ന ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന 40കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്.
ബെംഗളൂരു വയലിക്കാവൽ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ജാതി അധിക്ഷേപ കേസുമായി ബന്ധപ്പെട്ട് സിവിൽ കോൺട്രാക്ടറും സിനിമാ നിർമ്മാതാവും രാഷ്ട്രീയക്കാരനുമായ ഇയാളെ സെപ്തംബർ 14നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോലാറിലെ മുളബാഗൽ താലൂക്കിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. കേസിൽ ബെംഗളൂരു കോടതി വ്യാഴാഴ്ചയാണ് ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ച ജയിൽ വിടുമെന്ന് വ്യക്തമായതോടെ രാമനഗര പൊലീസ് സംഘം സെൻട്രൽ ജയിലിലെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ അറസ്റ്റ്. സെപ്റ്റംബർ 13 മുതൽ മുനിരത്നയ്ക്കെതിരെയുള്ള മൂന്നാമത്തെ കേസാണിത്.