പാലാ :കൊല്ലപ്പള്ളി: മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ നേതൃത്വത്തിൽ കർഷക കൂട്ടായ്മകൾ രൂപീകരിക്കുമെന്ന് ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു. പഞ്ചായത്തുകൾ തോറും നടപ്പാക്കുന്ന ‘കാർഷിക വികസന ബാങ്ക് ജനങ്ങളിലേക്ക് ‘ പദ്ധതിയുടെ കടനാട് പഞ്ചായത്ത് തല സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . കൊല്ലപ്പള്ളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു.
താലൂക്കിലെ ഇരുപത്തി രണ്ട് പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി കഴിഞ്ഞ അറുപത്തിയൊന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന കാർഷിക വികസന ബാങ്ക് കാർഷിക കാർഷികേതര വായ്പകൾ നൽകുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് . ബാങ്കിൻറെ വിവിധങ്ങളായ വായ്പാ പദ്ധതികൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെയും,
സേവന മേഖലകൾ വിപുലീകരിക്കുന്നതിൻ്റെയും ഭാഗമായാണ് പഞ്ചായത്തുകൾ തോറും പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി ചക്കാല, ജയ്സി സണ്ണി, ബിന്ദു ജേക്കബ്ബ്, മത്തച്ചൻ ഉറുമ്പുകാട്ട്, വ്യാപാരി വ്യവസായി പ്രസിഡൻറ് ഷിജു കടുതോടിൽ , ബെന്നി ഈരുരിക്കൽ, കെ.പി ജോസഫ്, ബെന്നി തെരുവത്ത്, അലക്സ് കൊട്ടാരത്തിൽ, ഷിലു കൊടൂർ, ബിനു വള്ളോം പുരയിടം, പുഷ്പ റെജി, സെക്രട്ടറി ജോ പ്രസാദ് എന്നിവർ പ്രസംഗിച്ചു.