Kerala

അന്നയുടെ മരണം: ‘മാനസിക പീഡനം, നിയമ വിരുദ്ധ പുറത്താക്കൽ…’, ​ഗുരുതര ആരോപണവുമായി ഇ വൈക്കെതിരെ കൂടുതൽ പേർ

കൊച്ചി: ചാറ്റേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ​ഗുരുതര ആരോപണവുമായി കൂടുതൽ പേർ. അമിത ജോലി ഭാരത്താൽ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ ജോലി ചെയ്ത ഏണസ്റ്റ് & യംഗ് എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെയാണ് പരാതികൾ. മാനസിക പീഡനം, നിയമ വിരുദ്ധമായി സ്ഥാപനത്തിൽ നിന്ന് പുറത്താക്കൽ, അവധി അനുവദിക്കാതെയുള്ള ജോലി സമ്മർദം തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്.

കഴിഞ്ഞ നാല് വർഷമായി കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി കമ്പനിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇൻ്റേണൽ ജോബ് പോസ്റ്റിംഗുകൾ സംബന്ധിച്ച് തനിക്ക് ഒരു മാസത്തെ സമയം സ്ഥാപനം അനുവദിച്ചിരുന്നുവെന്നും എന്നാൽ സ്ഥാപനത്തിലെ എച്ച് ആർ ടീം കാര്യമായ മുന്നറിയിപ്പുകളില്ലാതെ തന്നെ പുറത്താക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.

‘2024 ജൂലൈ 26ന് സ്ഥാപനത്തിലെ ഇൻ്റേണൽ ജോബ് പോസ്റ്റിംഗുകളെ കുറിച്ചറിയാൻ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. അനുയോജ്യമായ റോൾ കണ്ടെത്താൻ ഉത്സാഹത്തോടെ ശ്രമിച്ചിട്ടും സ്ഥാപനത്തിന്റെ ഹ്യൂമൺ റിസോഴ്സ് ടീമിൽ നിന്നുള്ള എതിർപ്പും സമ്മർദ്ദവും ശത്രുതയും ശ്രമങ്ങളെ ചെറുത്തു. 2024 ഓ​ഗസ്റ്റ് 26ന് യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കുകയും തരം താണതും അപമാനകരവുമായ പെരുമാറ്റത്തിന് വിധേയയാക്കുകയുമായിരുന്നു.

പുറത്താക്കൽ നടപടി വ്യക്തമായ പ്ലാനിങ്ങോടെയാണ് നടന്നത്. പുറത്താക്കലിന് പിന്നാലെ എച്ച് ആർ ടീം സ്വകാര്യ ഫോൺ കണ്ടുകെട്ടി. ലാപ്‌ടോപ്പും ആക്‌സസ് കാർഡും സറണ്ടർ ചെയ്തില്ലെങ്കിൽ വിശ്രമമുറി ഉപയോ​ഗിക്കാനാകില്ലെന്നും അവർ പറഞ്ഞു. പ്രവീൺ കുമാർ, അസോസിയേറ്റ് ഡയറക്ടർ, രാഖി അഹ്ലാവത്ത്, അസിസ്റ്റൻ്റ് ഡയറക്ടർ, ദീപ തുടങ്ങിയവരായിരുന്നു ടെർമിനേറ്റ് ചെയ്ത വിവരമറിയിക്കാനെത്തിയത്. ലാപ്ടോപ്പ് സംഘം പിടിച്ചെടുക്കുകയും അതിലെ എല്ലാ വിവരങ്ങളും ഇറേസ് ചെയ്യുകയുമായിരുന്നു. ഇതോടെ സ്ഥാപനത്തിനെതിരായ തെളിവുകളും ഇല്ലാതായി’, പരാതിക്കാരി പറഞ്ഞു.

അം​ഗീകൃത ലീവ് കാലയളവിലും ജോലിക്കെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി എച്ച് ആർ പ്രതിനിധി പ്രവീൺ കുമാർ, അസോസിയേറ്റ് ഡയറക്ടർ എന്നിവർ മാനസികമായി തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. പ്രശ്നങ്ങൾ സ്ഥാപനത്തിലെ എത്തിക്സ് ടീമിനെ അറിയിച്ചിരുന്നു. എന്നാൽ അവർ നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോ​ഗതിയൊന്നുമുണ്ടായില്ല. 2023 ജനുവരിയിൽ സ്ഥാപനത്തിലെ സുനിത ചെല്ലം എന്ന യുവതിയുടെ കീഴിൽ പെർഫോർമൻസ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ പങ്കെടുപ്പിച്ചു. എന്നാൽ അത് തൊഴിൽ മേഖലയിലുള്ള തന്റെ മികവ് തെളിയിക്കുന്നതിനായിരുന്നില്ലെന്നും മറിച്ച് തന്നെ മാനസികമായി

പ്രയാസപ്പെടുത്തുന്നതിനായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ഡിവോഴ്സ് ഉൾപ്പെടെ വ്യക്തിപരമായ കാരണങ്ങളാൽ പ്രയാസമനുഭവിക്കുന്നതിനിടെയായിരുന്നു ഇത്. 2021 മേയിൽ താൻ ​ഗർഭിണിയാണെന്നും അപകട സാധ്യത കൂടുതലുള്ള ​സ്ഥിതിയാണെന്നും അറിഞ്ഞിട്ടും സ്ഥാപനം തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിക്കാരി പറഞ്ഞു. എച്ച്ആറിൽ വിവരം റിപ്പോർട്ട് ചെയ്തിട്ടും ക്ഷമാപണമോ പരിഹാരമോ ഉണ്ടായില്ലെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. എവിടെ നിന്നും പരിഹാരം ലഭിക്കാതായതോടെ വിഷയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹീതർ ഡിക്‌സിനോട് പറഞ്ഞു. എന്നാൽ മാനസിക പീഡനത്താലാണ് താൻ മാസം തികയാതെ പ്രസവിച്ചതെന്നതിന് തെളിവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും പരാതിക്കാരി പറയുന്നു.

സ്ഥാപനത്തിന്റെ പെരുമാറ്റം തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായാണെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top