Kerala

കിടപ്പാടത്തിന് കാത്ത് ആയിരങ്ങൾ; സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ഇഴഞ്ഞ് ലൈഫ് പദ്ധതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഹഡ്കോ വായ്പ പരിധി കൂടി തീർന്നതോടെ ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞു. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി. അടുത്ത വർഷം തദ്ദേശതെരഞ്ഞെടുപ്പ് കൂടി എത്തുന്നതോടെ ഒരു തണലിനായുള്ള കാത്തിരിപ്പ് ഇനി എത്ര നാൾ വൈകുമെന്ന ആശങ്കയിലാണ് വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്ന പതിനായിരങ്ങൾ.

ഓരോ ദിവസവും ഇടിയുന്ന കൂരയിൽ വിറക് അടുക്കി വെച്ച വാതിൽപാളിയുമായി വെങ്ങോല മൂന്ന് സെന്റ് കോളനയിലെ പൊന്നമ്മയും മകളും 2018 മുതൽ കാത്തിരിപ്പിലാണ്. മകൾ സുധയുടെ വരുമാനത്തിൽ നിന്ന് വീട് താങ്ങി നിർ‍ത്താൻ ചെയ്തതെല്ലാം ഒന്നുമല്ലാതായി. എന്നിട്ടും പെരുമഴയത്ത് ഉറക്കമില്ലാതെ നേരം വെളുപ്പിക്കണം.  വീട്ടുജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിലാണ് വിധവയായ രജിത മൂന്ന് മക്കളെ പഠിപ്പിക്കുന്നത്. പ്ലസ് ടുവിനും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്നവരാണ് കുഞ്ഞുങ്ങൾ. ഷീറ്റ് വലിച്ച് കെട്ടിയ അടുക്കളയിൽ ചോരുന്ന മേൽക്കൂരയ്ക്ക് താഴെ കുഞ്ഞുങ്ങൾക്കൊപ്പം കിടന്നുറങ്ങാനാകില്ല. അതുകൊണ്ട് ബന്ധുവീടാണ് രജിതയുടെ ആശ്രയം.

വെങ്ങോല പഞ്ചായത്തിലെ ലൈഫ് ഉപഭോക്തൃ പട്ടികയിൽ 274ാമതാണ് പൊന്നമ്മയുടെ മകൾ സുധ. 325ാമതാണ് രജിത. രണ്ട് വർഷം മുൻപ് ഭർത്താവ് മരിച്ചു. അതിന് മുൻപ് മുൻഗണന തീരുമാനിച്ചതിനാൽ രജിത ഇപ്പോഴും പട്ടികയിൽ പിന്നിലാണ്. ഇവരുടെ വീടിരിക്കുന്ന വെങ്ങോല പഞ്ചായത്തിൽ 600 പേരുടെ പട്ടികയിൽ 220 കുടുംബങ്ങളുടെ വീടുകൾ മാത്രമാണ് നിർമ്മാണം തുടരുന്നത്. എറണാകുളം ജില്ലയിൽ പട്ടികയിലുള്ള അയ്യായ്യിരത്തിലധികം പേർ വീടിനായി കരാർ ഒപ്പിടാൻ കാത്തിരിക്കുന്നു.

2017മുതൽ ഇത് വരെ സംസ്ഥാനത്ത് 5,10,984 കുടുംബങ്ങളുമായാണ് ലൈഫ് പദ്ധതി പ്രകാരം കരാർ ഒപ്പിട്ടത്. ഇതിൽ 4,05646 വീടുകൾ പൂർത്തിയായി. എന്നാൽ മറ്റുള്ളവരുമായി കരാർ ഒപ്പിടുന്നതിൽ തീരുമാനം വൈകുകയാണ്. വീടുകൾക്കുള്ള വായ്പ ലഭ്യമാക്കിയിരുന്ന ഹഡ്കോയിൽ നിന്നുള്ള ഫണ്ടിന്റെ പരിധി തീർന്നതാണ് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top