India

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം.

വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി തുറന്നുകിടന്ന കുഴല്‍ക്കിണറില്‍ വീണത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണതെന്ന വിവരം ലഭിച്ചതെന്ന് ബന്‍ഡികുയ് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പിന്നാലെ സംസ്ഥാന-ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തെത്തുകയായിരുന്നു.

കുഴല്‍ക്കിണറിനുള്ളില്‍ കുട്ടിക്ക് ഓക്‌സിജന്‍ ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ‘കുഞ്ഞിനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കുട്ടിയുടെ ചലനങ്ങളും അവസ്ഥയും കുഴിയില്‍ ഇറക്കിയ ക്യാമറ വഴി നിരീക്ഷിക്കുന്നുണ്ട്. സ്ഥലത്ത് മെഡിക്കല്‍ സംഘമുള്‍പ്പടെ എത്തിയിട്ടുണ്ട്’, ദൗസ എസ് പി പറഞ്ഞു.

കുഴല്‍ക്കിണറില്‍ 35 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. കുഴിക്ക് സമാന്തരമായി മറ്റൊരു കുഴിയെടുക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കുഴല്‍ക്കിണറില്‍ നിന്ന് 15 അടി അകലെയാണ് കുഴിയെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top