മഞ്ചേരി: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള പതിമൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 175 പേരാണ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 26 പേര് ഹൈറിസ്ക് കാറ്റഗറിയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
രോഗവ്യാപനത്തിന് സാധ്യത കുറവാണ്. എങ്കിലും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.