സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കെ പകരം ചുമതലകള്‍ ആര്‍ക്കും നല്‍കിയില്ല. പാർട്ടി സെന്ററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവഹിക്കാനാണ് നിലവിലെ തീരുമാനം. യെച്ചൂരിക്ക് ഉള്ള പൊതു സ്വീകാര്യത പാര്‍ട്ടിയിലെ ഒരു നേതാവിനും ഇല്ലെന്നതാണ് സിപിഎമ്മിനെ അലട്ടുന്ന കാര്യം. കോണ്‍ഗ്രസുമായി ചേര്‍ന്ന് നിന്ന് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഒരു റോള്‍ ആണ് കാലങ്ങളായി യെച്ചൂരി നിര്‍വഹിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ബോസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് അദ്ദേഹത്തിന് കൊടുക്കുന്ന പ്രാധാന്യം അതില്‍ നിന്ന് തന്നെ വ്യക്തമാണ്.
ഈ മാസം അവസാനം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളുണ്ട്. തീരുമാനം ഈ യോഗങ്ങളില്‍ വരുമെന്നാണ് സൂചന. പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്.സിപിഎം ജനറല്‍ സെക്രട്ടറി ചുമതലയില്‍ ഇരിക്കെ ഒരു നേതാവ് വിടവാങ്ങുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ തീരുമാനം പതിയെ മതി എന്ന നിലപാടിലാണ് പാര്‍ട്ടി.
പിബി അംഗങ്ങളായ എം.എ.ബേബി, വൃന്ദ കാരാട്ട് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. വൃന്ദ കാരാട്ടിന് പ്രായപരിധി തടസമാകുന്നുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 76 വയസായി. 75 കഴിഞ്ഞാല്‍ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് സിപിഎമ്മിലെ രീതി. താത്കാലിക ഉത്തരവാദിത്തമെങ്കിലും വൃന്ദയ്ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ചവര്‍ പാര്‍ട്ടിയില്‍ ഒരുപാട് പേരുണ്ട്. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്ന ആദ്യ വനിതയായി വൃന്ദ മാറുമായിരുന്നു. തീരുമാനത്തിന് സിപിഎം സമയം എടുക്കുകയാണ്. അതാണ് തത്ക്കാലം പാര്‍ട്ടി സെന്റര്‍ എന്ന തീരുമാനം വന്നത്.
അതേസമയം സീതാറാം യെച്ചൂരിക്ക് ഇന്നലെ രാജ്യം വിട നല്കി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ കുടുംബം ഭൗതികദേഹം എയിംസിന് കൈമാറി.