Kerala

ഹേമ കമ്മറ്റി ഡബ്ല്യുസിസിക്ക് അമിത പ്രാധാന്യം നല്‍കി; മറ്റ് സംഘടനകളെ വേണ്ടവിധം കേട്ടില്ല; വിമര്‍ശനവും തിരുത്തലുകളുമായി ഫെഫ്ക

മലയാള സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ആധികാരമാണെന്ന് പറയാന്‍ കഴിയില്ലെന്ന വിമര്‍ശനവുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഫെഫ്കയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ യൂണിയനുകളുമായി ചര്‍ച്ച ചെയ്ത ശേഷം തയ്യാറാക്കിയ വിശകലന റിപ്പോര്‍ട്ടിലാണ് കടുത്ത വിമര്‍ശനമുള്ളത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവരുടെ മുഴുവന്‍ പേരുകളും പുറത്തു വരണമെന്നു തന്നെയാണ് ഫെഫ്കയുടെ നിലാപാടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹേമ കമ്മറ്റിയുടെ ടേംസ് ഓഫ് റെഫറന്‍സില്‍ പറഞ്ഞിട്ടുളള എല്ലാ കാര്യങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിയിട്ടില്ല. തുല്യവേതനം എന്ന് പറയുമ്പോഴും അത് സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ലെന്നും ഫെഫ്ക വിമര്‍ശിക്കുന്നു. മൊഴി നല്‍കാനായി ഹേമ കമ്മറ്റി ആളുകളെ തിരഞ്ഞെടുത്തിലും എതിര്‍പ്പുണ്ട്. പത്രപ്പരസ്യം നല്‍കിയിട്ട് ആരും വന്നില്ലെന്ന് കമ്മറ്റി റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. അങ്ങനെയെങ്കില്‍ സിനിമാ മേഖലയില്‍ ചിലരെ മാത്രം കാണേണ്ടവരായി ഹേമ കമ്മറ്റി തിരഞ്ഞെടുത്തത് എങ്ങനെയാണെന്നാണ് ഫെഫ്ക ചോദിക്കുന്നത്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വലിയ വിമര്‍ശനം ഉന്നയിച്ചിട്ടുളള പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് എന്നിവരുടെ സംഘടനാ പ്രതിനിധികളെ കണ്ടിട്ടുപോലുമില്ല. സിനിമാ മേഖലയിലെ നിര്‍ണ്ണായക ശക്തിയായ ഡയറക്ടേഴ്‌സ് യൂണിയനെയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചില്ല. ഫെഫ്കയില്‍ 600ല്‍ അധികം സ്ത്രീകളുണ്ട്. എന്നാല്‍ 9പേരെ മാത്രമാണ് കമ്മറ്റി കേട്ടത്. ഇതിന്റെ മാനദണ്ഡം അദൃശ്യമാണ്. ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയപ്പോള്‍ ഫെഫ്കയിലെ അംഗങ്ങളായ പരമാവധി സ്ത്രീകളെ കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം അനുസരിച്ച് വിളിക്കാം എന്ന മറുപടി മാത്രമാണ് കിട്ടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കാണേണ്ടവരെ തീരുമാനിച്ചതില്‍ വ്യക്തി താല്‍പ്പര്യവും മുന്‍വിധിയും ഉണ്ടെന്ന വലിയ വിമര്‍ശനവും ഫെഫ്ക ഉന്നയിച്ചിട്ടുണ്ട്. ഡബ്ല്യുസിസിക്ക് മാത്രം അമിത പ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തിച്ചത്. മറ്റ് സംഘടനകള്‍ക്കൊന്നും ഈ പ്രാധാന്യം നല്‍കിയില്ല. സിനിമയെ നിയന്ത്രിക്കുന്നത് 15 അംഗ പവര്‍ ഗ്രൂപ്പെന്നാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഈ പവര്‍ ഗ്രൂപ്പിനെ പറ്റി ഒരു പരിശോധനയും നടന്നിട്ടില്ല. ആരോടും ഇതേപ്പറ്റി ചോദിച്ചിട്ടുമില്ല. ചിലരുടെ വ്യക്തമായ ലക്ഷ്യത്തോടെയുള്ള തിരക്കഥയാണ്് ഈ പവര്‍ ഗ്രൂപ്പ് എന്ന ആരോപണമെന്നും ഫെഫ്കയുടെ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടും വിവാദങ്ങളും കണക്കിലെടുത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ആക്ഷന്‍ പ്ലാനും ഫെഫ്ക തയ്യാറാക്കിയിട്ടുണ്ട്. 26 നിര്‍ദ്ദേശങ്ങളാണ് ആക്ഷന്‍ പ്ലാനിലുള്ളത്. സിനിമാ ചിത്രീകരണത്തിന് ഇടയിലെ പരാതികള്‍ പരിഹരിക്കാനുള്ള ഐസിസി കമ്മറ്റിയുടെ രൂപീകരണത്തിലോ പ്രവര്‍ത്തനങ്ങളിലോ വീഴ്ച സംഭവിച്ചാല്‍ അത് പരിഹരിച്ച ശേഷം മാത്രമേ ഫെഫ്ക അംഗങ്ങള്‍ ചിത്രീകരണവുമായി സഹകരിക്കുകയുള്ളൂ എന്നതാണ് പ്രധാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top