ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശപൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തത് വിവാദമാകുന്നു. മോദിയുടെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സന്ദര്‍ശിച്ച നടപടിയെ ന്യായീകരിച്ച് ബിജെപി രംഗത്തുവന്നു. ഗണേശപൂജയില്‍ പങ്കെടുക്കുന്നത് കുറ്റകരമല്ലെന്നും പലപ്പോഴും രാഷ്്ട്രീയക്കാരും ജഡ്ജിമാരും വേദി പങ്കിടാറുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടത്തിയ ഗണപതി പൂജയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്.ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകളില്‍ പങ്കെടുത്തത്. അതേസമയം, ഗണേശ ചതുര്‍ഥി ആശംസ നേര്‍ന്നുകൊണ്ടു പ്രധാനമന്ത്രിതന്നെയാണ് ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പൂജയില്‍ പങ്കെടുത്ത ചിത്രം പങ്കുവെച്ചത്.
പ്രധാനമന്ത്രിയെ വസതിയില്‍ സന്ദര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് അനുവദിച്ചത് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ പ്രതികരിച്ചു.