Kerala

പ്രതിസന്ധി മാധ്യമങ്ങള്‍ക്ക്, സര്‍ക്കാരിനും സിപിഎമ്മിനുമല്ലെന്ന് എംവി ഗോവിന്ദന്‍; എഡിജിപിക്കെതിരെ നടപടി തുടങ്ങിയിട്ടില്ല

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ ഒരു പരാതിയും ഇതുവരെ നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വര്‍ അങ്ങനെ ഒരു പരാതി നല്‍കിയാല്‍ പാര്‍ട്ടി അക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തും. നടപടി സ്വീകരിക്കേണ്ട വിഷയമാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

എഡിജിപി എംആര്‍ അജിത്കുമാറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. അന്‍വര്‍ ഉന്നയിച്ചതും അല്ലാതെ ഉയര്‍ന്നതുമായ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയില്‍ വരും. ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനെ തന്നെ അതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ എഡിജിപിയുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ കര്‍ശനമായ നടപടിയും സ്വീകരിക്കും. അതില്‍ ആരും പ്രയാസപ്പെടേണ്ടെന്നും എംവി ഗോവിന്‍ പറഞ്ഞു.

ഇടതു മുന്നണി യോഗവും അന്വേഷണത്തിന് ശേഷം നടപടി ആലോചിക്കാം എന്നാണ് തീരുമാനിച്ചത്. ഒരു ഉദ്യോഗസ്ഥനേയും സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനും സിപിഎമ്മിനും ഇല്ല. അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും നീക്കുന്നത് നടപടിയുടെ ഭാഗമാണ്. ആ ഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. അന്വേഷണം കഴിഞ്ഞ ശേഷമേ നടപടി ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ. ഈ വിവാദങ്ങളൊന്നും സര്‍ക്കാരിനും സിപിഎമ്മിനും ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. പ്രതസന്ധി മുഴുവന്‍ മാധ്യമങ്ങള്‍ക്കാണ്. മാധ്യമ വാര്‍ത്തക്ക് അനുസരിച്ച് സര്‍ക്കാര്‍ നീങ്ങിയില്ലെങ്കില്‍ എന്തെല്ലാമോ സംഭവിക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്ന നിലപാട് ചില മാധ്യങ്ങള്‍ സ്വീകരിക്കുകയാണെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top