അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തിന് പിന്നില്‍ സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയെന്ന് നടന്‍ നിവിന്‍ പോളി. ക്രൈംബ്രാഞ്ചിന് കൈമാറിയ പരാതിയിലാണ് നിവിന്‍ ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും നടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നിവിന്‍ പോളി എഡിജിപി എച്ച് വെങ്കിടേഷിന് പരാതി നല്‍കിയത്.
ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആരോപണം മൂലം കോടികളാണ് നഷ്ടമായിരിക്കുന്നത്. തന്റെ പുതിയ ചിത്രം ഒരു ഒടിടി പ്ലാറ്റ്‌ഫോമിന് വീണ്ടിയാണ് നിര്‍മ്മിച്ചത്. എന്നാല്‍ ആരോപണം ഉണ്ടായതോടെ അവര്‍ കരാറില്‍ നിന്നും പിന്‍മാറി. തന്റെ കരിയര്‍ തന്നെ തകര്‍ക്കാനുളള ഗുരുതരമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഇത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. തനിക്കെതിരായ പീഡനപരാതിയില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിവിന്‍ ഡിജിപിക്ക് ഇ-മെയില്‍ വഴി നേരത്തെ പരാതി നല്‍കിയിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നിവിന്‍ പോളിക്കെതിരെ യുവതി പരാതിയുമായി രംഗത്തെത്തിയത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍വെച്ച് കൂട്ട ബലാത്സംഗം ചെയ്‌തെന്നായിരുന്നു ആരോപണം. കേസിലെ ആറാം പ്രതിയാണ് നിവിന്‍. ആരോപണം ഉയര്‍ന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. നിയമനടപടിയും പ്രഖ്യാപിച്ചു. പീഡനപരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളില്‍ നിവിന്‍ കൊച്ചിയില്‍ തങ്ങളുടെ സിനിമയുടെ ഷൂട്ടിലായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.