Kerala

കോട്ടയം ജില്ലയിൽ ഓണക്കാല പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

 

കോട്ടയം: ജില്ലയിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് മൂന്ന് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന കർശനമാക്കി. സെപ്റ്റംബർ 13 വരെയാണ് സ്്ക്വാഡുകൾ പ്രവർത്തിക്കുക.
മാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, വഴിയോര ഭക്ഷണശാലകൾ, ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ, കാറ്ററിംഗ് യൂണിറ്റുകൾ, ചിപ്സ് നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുന്നതുമാണ്.

എണ്ണകൾ, നെയ്യ്, പാൽ – പാലുൽപ്പന്നങ്ങൾ, പായസ മിശ്രിതം ധാന്യങ്ങൾ, പഴവർഗങ്ങൾ, വിവിധതരം ചിപ്സ്, പച്ചക്കറികൾ, ശർക്കര തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് വിവിധ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കും. ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ, പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ടോ ലൈസൻസ്/രജിസ്ട്രേഷൻ/ടോൾ ഫ്രീ നമ്പർ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും പാഴ്സലിൽ ലേബൽ പതിപ്പിക്കുന്നുണ്ടോ എന്നും ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ സി.ആർ രൺദീപ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top