ന്യൂഡൽഹി: കിലോമീറ്ററുകള്‍ നടന്ന് രാഹുൽ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിട്രോഡ. ബിജെപിയാണ് രാഹുലിന് പപ്പുവെന്ന പട്ടം നൽകിയത്.
എന്നാൽ ഇന്ന് അതേ ബിജെപി രാഹുലിനെ പപ്പു എന്ന് അഭിസംബോധന ചെയ്യാൻ മടിക്കുകയാണെന്നും സാം പിട്രോഡ പറഞ്ഞു. പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനിടെ ടെക്സസിലെ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു പിട്രോഡയുടെ പരാമർശം.
തന്റെ പ്രവർത്തനത്തിലൂടെ രാഹുൽ ഗാന്ധി തന്നെയാണ് ബിജെപി ചാർത്തിയ പപ്പുവെന്ന പേര് മാറ്റിയെടുത്തത്. ഭാരത് ജോഡോയുടെ 4000 കിലോമീറ്റർ യാത്രയിലൂടെ രാഹുൽ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്നും പിട്രോഡ പറഞ്ഞു. രാഹുൽ ഗാന്ധിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.