തിരുവനന്തപുരം:എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ കടുത്ത നിലപാടുമായി എൽഡിഎഫ് കണ്‍വീനര്‍.
എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നുവെന്നും എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്നതുമൊക്കെ പുറത്തുവരേണ്ടതുണ്ടെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ പറഞ്ഞു. എല്ലാ വസ്തുതകളും അന്വേഷണത്തില്‍ പുറത്തുവരണം. വിഷയത്തിൽ എഡിജിപി കുറ്റക്കാരനാണെങ്കില്‍ സ്ഥാനമാറ്റം മാത്രം പോരെന്നും നിയമ നടപടി വേണമെന്നും ടിപി രാമകൃഷ്ണൻ തുറന്നടിച്ചു. തൃശൂര്‍ പൂരം കലക്കിയതിന്‍റെ ഗൂഢാലോചനയിലും സത്യം പുറത്തുവരേണ്ടതുണ്ട്.
പിവി അൻവര്‍ എംഎല്‍എയെ അങ്ങനെ നിയന്ത്രിക്കാൻ ആകില്ലെന്നും പിവി അൻവര്‍ സ്വതന്ത്ര എംഎല്‍എ ആണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പിവി അന്‍വറിന്‍റെ പ്രതികരണത്തിൽ വിമര്‍ശനം ഉന്നയിച്ച ടിപി രാമകൃഷ്ണൻ പ്രതികരണങ്ങള്‍ ഇങ്ങനെ വേണോയെന്ന് അൻവര്‍ തന്നെ പരിശോധിക്കണമെന്നും തങ്ങളുടെ നിലപാട് അറിയിച്ചു കഴിഞ്ഞുവെന്നും എൽഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. എഡിജിപി എംആര്‍ അജിത്ത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ എല്‍ഡിഎഫിൽ അതൃപ്തി പുകയുന്നുവെന്നതിന്‍റെ സൂചന കൂടിയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.