Kerala

പ്രവാസികളുടെ നിരാഹാര സത്യാഗ്രഹത്തിന്റെ പോസ്റ്റർ, കണ്ണൂർ മേയർ പ്രകാശനം ചെയ്തു

 

കണ്ണൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’
ചെയർമാൻ ശ്രീ രാജീവ്‌ ജോസഫിന്റെ നേതൃത്വത്തിൽസെപ്റ്റംബർ 15 ന് മട്ടന്നൂരിൽ ആരംഭിക്കുന്ന ‘അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന്റ പോസ്റ്റർ’, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ പ്രകാശനം ചെയ്തു.

ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ്, കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, ടാക്സ് അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്‌ദീൻ, കൗൺസിലർ ജയസൂര്യൻ, വേക്ക് വൈസ് ചെയർമാൻ ടി. ഹംസ, പ്രവാസി കോൺഗ്രസ്‌ നേതാവ് എം. പി മോഹനാംഗൻ, ഒ.ഐ.സി.സി നേതാക്കളായ ലത്തീഫ് മക്രേരി, ശ്രീജിത്ത് ഭാസ്കരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിരാഹാര സത്യാഗ്രഹത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തത്.

പ്രവാസികളുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ ആരംഭിക്കുന്ന ഈ സത്യാഗ്രഹ സമരത്തിൽ, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ആക്ഷൻ കൗൺസിലിന്റെ ഗ്ലോബൽ കോർഡിനേറ്റർ അബ്ദുൾ അസീസ് പാലക്കി പറഞ്ഞു. കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി കേന്ദ്ര സർക്കാർ നൽകുന്നതുവരെ നിരാഹാര സത്യാഗ്രഹം തുടരുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് വ്യക്തമാക്കി.

ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ’ നേതൃത്വത്തിൽ,
കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവാസികളുടെ സഹകരണത്തോടെ രണ്ട് മാസം മുൻപാണ് ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ പ്രവർത്തനം ആരംഭിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, കണ്ണൂർ ജില്ലയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളേയും പ്രവർത്തകരേയും അണിനിരത്തി, ഓഗസ്റ്റ് 14 ന് മട്ടന്നൂരിൽ സംഘടിപ്പിച്ച ആക്ഷൻ കൗൺസിലിന്റെ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കൺവെൻഷനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആക്ഷൻ കൗൺസിലിന്റെ ‘ലോഗോ’ പ്രകാശനം ചെയ്തത്, തലശ്ശേരി അതിരൂപത മെത്രാപ്പോലീത്താ മാർ ജോസഫ് പാംപ്ലാനിയാണ്. ആക്ഷൻ കൗൺസിലിന്റെ ‘സൈബർ വാർ’ ഉത്ഘാടനം ചെയ്തത് കണ്ണൂർ എം. പിയും കെ.പി.സി.സി പ്രസിഡണ്ടുമായ കെ. സുധാകരനായിരുന്നു. ജില്ലാതല പ്രചാരണ പരിപാടിയും, മട്ടന്നൂരിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷനും ഉത്ഘാടനം ചെയ്തത് മട്ടന്നൂർ എം.എൽ.എയും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന കെ. കെ. ഷൈലജ ടീച്ചറായിരുന്നു. മട്ടന്നൂർ സമ്മേളനത്തിന്റെ ആൽബം പ്രകാശനം ചെയ്തത് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൾ കരീം ചെലേരിയായിരുന്നു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ണൂർ ജില്ലയിലെ എല്ലാ പാർട്ടിക്കാരെയും ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള പ്രവാസികളുടെ ജനകീയ മുന്നേറ്റമായി ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ മാറിക്കഴിഞ്ഞുവെന്ന്, ആക്ഷൻ കൗൺസിൽ നേതാക്കളായ അഞ്ചാംകുടി രാജേഷ്, ജാബിർ ടി. സി, ഷംസു ചെട്ടിയാങ്കണ്ടി,
പി. കെ. ഖദീജ,ഷഫീഖ് മാട്ടൂൽ,സി. കെ. സുധാകരൻ,ആന്റണി മേൽവെട്ടം എന്നിവർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top