ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ച് രഞ്ജിത്ത് സിങ് ചൗട്ടാല. സിര്‍സ ജില്ലയിലെ റാനിയ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 90 സീറ്റുകളില്‍ 67 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യപട്ടികയില്‍ ഒന്‍പത് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിട്ടില്ല.
‘അഞ്ച് വര്‍ഷം മുമ്പ്, സമാനമായ ഒരു തീരുമാനം എടുത്തിരുന്നു, നിങ്ങള്‍ എല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനാല്‍ സ്വതന്ത്രനായി മത്സരിച്ചു. ഇന്ന്, വീണ്ടും സമാനമായ ഒരു സാഹചര്യം ബിജെപിക്ക് കീഴില്‍ ഉണ്ടായിരിക്കുന്നു. ഞാന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയാണ്’- രഞ്ജിത്ത് സിങ് ചൗട്ടാല പറഞ്ഞു.
മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനും, മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനുമാണ് രഞ്ജിത്ത് ചൗട്ടാല. റാനിയ മണ്ഡലത്തിനായി രഞ്ജിത്ത് സിങ് സമ്മര്‍ദം ചെലുത്തിയെങ്കിലും ശിഷ്പാല്‍ കംബോജിനാണ് സീറ്റ് നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് സ്വതന്ത്ര എംഎല്‍എയായ രഞ്ജിത്ത് സിങ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ് പ്രകാശിനോട് പരാജയപ്പെട്ടു. രഞ്ജിത്ത് ചൗട്ടാല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവഗണിച്ചെന്ന് ആരോപിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എംഎല്‍എ ലക്ഷ്മണ് ദാസ് ബിജെപി വിട്ടു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അയച്ച കത്തില്‍ താന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതായി അദ്ദേഹം അറിയിച്ചു. റാതിയ മണ്ഡലത്തില്‍ മുന്‍ എംപി സുനിത ദുഗ്ഗലിനാണ് സീറ്റ് നല്‍കിയത്.
മുഖ്യമന്ത്രി നായബ് സിങ് സൈനിയും മുന്‍ ആഭ്യന്തരമന്ത്രി അനില്‍ വിജും ആദ്യപട്ടികയില്‍ ഇടം പിടിച്ചു. നായബ് സിങ് ലാഡ്വ മണ്ഡലത്തില്‍ നിന്നും അനില്‍ വിജ് അംബാല കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. 2009 മുതല്‍ തുടര്‍ച്ചായായി അംബാല മണ്ഡലത്തില്‍ നിന്നാണ് വിജ് നിയമസഭയിലെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ വോട്ടെടുപ്പ്. അഞ്ചിനാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് പിന്നീട് ഒക്ടോബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റില്‍ വീതമാണ് വിജയിച്ചത്. വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ് ആംആദ്മിയും ഒന്നിച്ച് മത്സരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കര്‍ഷകസമരവും ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭവുമൊക്കെ അനുകൂല സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വിനേഷ് ഫോഗട്ടിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.