ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രോഗബാധിതനായ ഭര്‍ത്താവിനെയും കൊണ്ട് ആംബുലന്‍സില്‍ വീട്ടിലേക്ക് പോകുമ്പോള്‍ യുവതിക്ക് നേരെ ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുപിതനായ ആംബുലന്‍സ് ഡ്രൈവര്‍ യുവതിയെയും ഭര്‍ത്താവിനെയും റോഡില്‍ ഇറക്കി വിട്ടു.
ഗുരുതരാവസ്ഥയിലായിരുന്ന ഭര്‍ത്താവിന് നല്‍കിയിരുന്ന ഓക്‌സിജന്‍ സപ്പോര്‍ട്ട് എടുത്തുമാറ്റിയതോടെ ആരോഗ്യനില വഷളായി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സിദ്ധാര്‍ത്ഥനഗര്‍ ജില്ലയിലാണ് സംഭവം. കുറച്ച് ദിവസമായി അസുഖം ബാധിതനായിരുന്ന ഭര്‍ത്താവ് ഹരീഷിനെ യുവതി അടുത്തുള്ള ബസ്തി മെഡിക്കല്‍ കോളജിലേക്കാണ് ആദ്യം കൊണ്ടുപോയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ഫീസ് അടക്കാന്‍ കഴിയാതെ വന്നതോടെ യുവതി ചികിത്സയ്ക്കായി ഭര്‍ത്താവിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ആംബുലന്‍സില്‍ ഭര്‍ത്താവിനൊപ്പം പോകുമ്പോഴാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.