എൻസിപിയിൽ വീണ്ടും എകെ ശശീന്ദ്രനെതിരെ പടയൊരുക്കം. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം എൻസിപിയിൽ ശക്തമായി ഉയരുകയാണ്. പാർട്ടിയിലെ ചർച്ച പി സി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു.എന്നാൽ മന്ത്രി സ്ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതേസമയം, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ എംഎല്‍എ സ്ഥാനം രാജി വെക്കുമെന്ന് ശശീന്ദ്രൻ ആവർത്തിച്ചു. ചർച്ചയ്ക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ നിലപാട് വ്യക്തമാക്കി.
തോമസ് കെ തോമസ് എംഎൽഎയാണ് എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനായി സമ്മർദ്ദം ചെലുത്തുന്നത്.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ എകെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരുന്നു. പക്ഷേ മാറ്റം ഉണ്ടായില്ല.
എങ്കില്‍ രണ്ടരവര്‍ഷം കഴിഞ്ഞ് മാറണമെന്ന ഉപാധിവച്ചു. അതിനും എകെ ശശീന്ദ്രന്‍ വഴങ്ങിയില്ല. സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്‍റെ പിടിവള്ളി. അടുത്തിടെ ചില മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പടെ ഇടപെട്ട് തോമസ് കെ തോമസിനെയും പിസി ചാക്കോയെയും അനുനയത്തിലെത്തിച്ചു. ഇതോടെയാണ് തോമസ് കെ തോമസ് നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ കൂടി നേടിയാണ് ശശീന്ദ്രനെതിരായ പടയൊരുക്കം.